തമിഴ്നാട്ടിൽ ട്വിസ്റ്റ്; നിർമല സീതാരാമനുമായി എഐഎഡിഎംകെ എംഎൽഎമാരുടെ കൂടിക്കാഴ്ച

news image
Oct 3, 2023, 9:23 am GMT+0000 payyolionline.in

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ കൂടുതൽ അഭ്യൂഹങ്ങൾ ഉയര്‍ത്തി നിര്‍മ്മല സീതാരാമനുമായി മൂന്ന് എഐഎഡിഎംകെ എംഎൽഎ-മാര്‍ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ആഴ്ച എൻഡിഎ വിടാൻ എഐഎഡിഎംകെ തീരുമാനമെടുത്തിരുന്നു. നിര്‍മല സീതാരാമനെ തമിഴ്നാടിന്‍റെ പാര്‍ട്ടി ചുമതല എൽപ്പിക്കുന്നത് ബിജെപിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് കൂടിക്കാഴ്ച. അണ്ണാദുരൈയേയും ജയലളിതയേയും ബിജെപി അധിക്ഷേപിച്ചെന്ന് കുറ്റപ്പെടുത്തിയാണ് എഐഎഡിഎംകെ മുന്നണി വിട്ടത്.

 

അതേസമയം തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ ച‍ര്‍ച്ചകൾക്കായി ദില്ലിയിലുണ്ടെങ്കിലും എഐഎഡിഎംകെയുമായുള്ള സഖ്യം പുനസ്ഥാപിക്കുന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്. അണ്ണാമലൈക്ക് ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണാനായിട്ടില്ല. ലോക്സഭ തെരഞ്ഞെടുപ്പിന് അധികം സമയമില്ലാത്തതിനാല്‍ തന്നെ പ്രശ്നം വേഗത്തില്‍ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി നേതൃത്വം. ലോക്സഭ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ബിജെപി ഒറ്റക്ക് മത്സരിച്ചാല്‍ ഡിഎംഡികെ, പിഎംകെ പോലുള്ള പാര്‍ട്ടികള്‍ പിന്തുണച്ചാലും രണ്ട് പ്രബല ദ്രാവിഡ പാര്‍ട്ടികള്‍ക്ക് പുറമെ മൂന്നാമതൊരു മുന്നണിക്ക് എത്രത്തോളം വിജയ സാധ്യതയുണ്ടെന്ന സംശയത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം.

അസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എഐഎഡിഎംകെയെ അനുനയിപ്പിക്കാൻ ച‍ര്‍ച്ചകൾ നടന്നിരുന്നു. എഐഡിഎംകെയ്ക്കെതിരെ പരസ്യ പ്രസ്താവന പാടില്ല എന്ന് കെ അണ്ണാമലക്ക് നിർദേശം നൽകിയതിന്  പിന്നാലെയാണ് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ അമിത് ഷാ കളത്തിൽ ഇറക്കിയത്. എന്നാൽ ബിജെപിയുമായി ഇനി ഒത്തുതീർപ്പിനില്ലെന്നായിരുന്നു എഐഎഡിഎംകെയുടെ പ്രതികരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe