കൊച്ചി ∙ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ദേശവിരുദ്ധ പ്രവർത്തനങ്ങളെ എതിർത്ത തമിഴ്നാട് സ്വദേശി രാമലിംഗത്തെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കണ്ടെത്താൻ കേരളത്തിലും ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) രഹസ്യ പരിശോധന. കൊലപാതകത്തിനു ശേഷം ഒളിവിൽ കഴിയുന്ന 5 പ്രതികളെ കണ്ടെത്താൻ എൻഐഎ 5 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
തഞ്ചാവൂരിൽ 2019 ഫെബ്രുവരി അഞ്ചിനാണു കൊലപാതകം നടന്നത്. 13 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കൊലയ്ക്കു ശേഷം പല പ്രതികളും കേരളത്തിലേക്കു കടന്നെങ്കിലും പിന്നീടു കീഴടങ്ങുകയോ അറസ്റ്റിലാകുകയോ ചെയ്തിരുന്നു. എന്നാൽ മുഹമ്മദ് അലി ജിന്ന, അബ്ദുൽ മജീദ്, ബുർഖാനുദീൻ, ഷാഹുൽ ഹമീദ്, നഫീൽ ഹസൻ എന്നിവരെ കണ്ടെത്താൻ കഴിഞ്ഞില്ല. അറസ്റ്റിലായ പ്രതികളുടെ മൊഴി പിന്തുടർന്നു 3 തവണ അന്വേഷണ സംഘം കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തി. കഴിഞ്ഞദിവസം പ്രതികളുടെ തമിഴ്നാട്ടിലെ വീടുകളിലും കൂട്ടാളികളുടെ സ്ഥാപനങ്ങളിലും പരിശോധന നടത്തി പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളുടെ പരിശോധനയിലും കേരളത്തിലെ ചിലരുമായി ഇവർക്കുള്ള ബന്ധത്തിന്റെ സൂചന ലഭിച്ചിരുന്നു.