കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനിൽ നോട്ട രേഖപ്പെടുത്താൻ കഴിയില്ല. വിവിപാറ്റ് മെഷീനുമുണ്ടാകില്ല. നോട്ടക്ക് പകരം ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളിൽ ആർക്കും വോട്ടുചെയ്യാൻ താൽപര്യമില്ലെങ്കിൽ ‘എൻഡ്’ ബട്ടൺ അമർത്തി മടങ്ങാം. ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റിന്റെ അവസാനമാണ് ചുവപ്പ് നിറത്തിലുള്ള ‘എൻഡ് ബട്ടൺ’ ഉള്ളത്.
ഇഷ്ടമുള്ള തലത്തിലേക്ക് മാത്രം വോട്ടുചെയ്തശേഷം ‘എൻഡ് ബട്ടൺ’ അമർത്താനും അവസരമുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ ഏതു തലത്തിലേക്കാണോ വോട്ട് രേഖപ്പെടുത്താതിരിക്കുന്നത് ആ തലത്തിലെ ആകെ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം മറ്റു തലങ്ങളിലേതിനേക്കാൾ ഒന്ന് കുറവായിരിക്കും. എൻഡ് ബട്ടൺ അമർത്തുമ്പോൾ, പ്രക്രിയ പൂർത്തിയായതിന്റെ നീണ്ട ബീപ്പ് ശബ്ദം കേൾക്കും. ഒന്നോ അതിലധികമോ തലങ്ങൾ ഒഴിവാക്കിയാണ് വോട്ട് ചെയ്യുന്നതെങ്കിൽ മാത്രമേ എൻഡ് ബട്ടൺ ഉപയോഗിക്കാവൂ. മൂന്ന് തലങ്ങളിലേക്കും വോട്ടെടുപ്പ് പൂർത്തിയായിട്ടുണ്ടെങ്കിൽ ഇതിന്റെ ആവശ്യമില്ല.
വോട്ടർ ഒരിക്കൽ എൻഡ് ബട്ടൺ അമർത്തിയാൽ, അയാൾക്ക് പിന്നീട് ഒരു തലത്തിലേക്കും വോട്ട് ചെയ്യാൻ കഴിയില്ല. രണ്ട് ബട്ടണുകൾ ഒരേ സമയം അമർത്തിയാൽ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തൂ. ഒരു ബട്ടൺ ഒന്നിലധികം തവണ അമർത്തിയാലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തൂ. എല്ലാ തലങ്ങളിലേക്കും വോട്ട് ചെയ്യാതിരിക്കുകയും എൻഡ് ബട്ടൺ അമർത്താതെ വോട്ടിങ് കമ്പാർട്ട്‌മെന്റ് വിടുകയും ചെയ്താൽ പ്രിസൈഡിങ് ഓഫീസർ വോട്ട് ചെയ്യുന്ന അറയിൽ പ്രവേശിച്ച് എൻഡ് ബട്ടൺ അമർത്തി വോട്ടിങ് പൂർത്തിയാക്കും.
