അഴിയൂർ: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി തണ്ണീർതടങ്ങൾ മണ്ണിട്ട് നികത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് അഴിയൂർ പഞ്ചായത്ത് കാർഷിക വികസന സമിതി യോഗം ആവശ്യപ്പെട്ടു. തണ്ണീർതടങ്ങൾ നികത്തുന്ന ലോബികൾക്കെതിരെ അധികൃതർ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്ന് യോഗത്തിൽ പരാതി ഉയർന്നു.
അഴിയൂർ കൃഷി ഭവനിൽ ഒഴിവ് കിടക്കുന്ന കൃഷി അസിസ്റ്റന്റ് തസ്തികയിലേക്ക് ഉടൻ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യവും യോഗം മുന്നോട്ടുവെച്ചു. ജീവനക്കാരുടെ അഭാവം മൂലം ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ താളംതെറ്റുന്നതായും ഇത് കർഷകരെ ബുദ്ധിമുട്ടിക്കുന്നതായും സമിതി അംഗങ്ങൾ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ. ലീല , വൈസ് പ്രസിഡന്റ് രമ്യ കരോട്ടി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ശ്രീധരൻ, കൃഷി ഓഫീസർ പി.എസ്. സ്വരൂപ് എന്നിവർ സംസാരിച്ചു. പി. ബാബുരാജ്, പ്രദീപ് ചോമ്പാല, കെ.എ. സുരേന്ദ്രൻ, സി.എം. സജീവൻ, കെ.വി. രാജൻ, പി. സുരേഖ, കെ.പി. രവീന്ദ്രൻ, ഇ.ടി.കെ. പ്രഭാകരൻ, പി.കെ. കാസിം, വി.പി. ചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
