ലുധിയാന: പഞ്ചാബിലെ ലുധിയാന കോടതി നടൻ സോനു സൂദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ലുധിയാന ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രമൺ പ്രീത് കൗറാണ് തട്ടിപ്പുകേസിൽ ബോളിവുഡ് താരത്തിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.
അഭിഭാഷകൻ രാജേഷ് ഖന്ന സമർപ്പിച്ച പത്ത് ലക്ഷം രൂപയുടെ തട്ടിപ്പുകേസിലാണ് വാറണ്ട്. ‘റിജിക കോയിനി’ൽ പണം നിക്ഷേപിച്ചാൽ ലാഭം കിട്ടുമെന്ന് പറഞ്ഞ് കേസിലെ മുഖ്യ പ്രതിയായ മോഹിത് ശുക്ല കബളിപ്പിച്ചെന്നാണ് ആരോപണം. ഈ കേസിൽ സോനു സൂദിനോട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും നടൻ ഇത് അനുസരിച്ചിരുന്നില്ല. തുടർന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
മുംബൈയിലെ അന്ധേരി വെസ്റ്റിലുള്ള ഓഷിവാര പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനോടാണ് സോനുവിനെ അറസ്റ്റ് ചെയ്യാൻ ലുധിയാന കോടതി ഉത്തരവിട്ടത്. കേസിന്റെ അടുത്ത വാദം നടക്കുന്ന ഫെബ്രുവരി 10ന് നടനെ ഹാജരാക്കാനാണ് കോടതി ആവശ്യം.