മധുര: യുട്യൂബ് വിഡിയോയില്‍ കണ്ട മരുന്ന് വാങ്ങി കഴിച്ച 19കാരി മരിച്ചു. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. കോളജ് വിദ്യാര്‍ഥിനിയായ മീനമ്പല്‍പുരം സ്വദേശി കലയരസി ആണ് മരിച്ചത്. ശരീരഭാരം കുറക്കാന്‍ ഉപയോഗിക്കാം എന്ന് അവകാശപ്പെടുന്ന വെങ്ങാരം (ബോറാക്സ്) എന്ന മരുന്നാണ് വിദ്യാര്‍ഥിനി കഴിച്ചത്.
ജനുവരി 16നാണ് യുട്യൂബ് വിഡിയോ കണ്ട് പെൺകുട്ടി മരുന്നുകടയില്‍നിന്നും വെങ്ങാരം വാങ്ങിയത്. പിറ്റേന്ന് രാവിലെ ഇത് കഴിച്ചു. തുടര്‍ന്ന് കടുത്ത ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായി. തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഡിസ്ചാർജായെങ്കിലും രാത്രി 11 മണിയോടെ നില വീണ്ടും വഷളാവുകയും യുവതിയെ രാജാജി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും മരിക്കുകയായിരുന്നു.
സംഭവത്തിൽ കലൈയരസിയുടെ പിതാവിന്റെ പരാതിയിൽ സെല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
