ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനങ്ങളുമായി സജീവമായിരിക്കുകയാണ് അരവിന്ദ് കെജ്രിവാൾ. ഡൽഹിയിൽ പൂജാരിമാർക്കും ഗുരുദ്വാര പുരോഹിതർക്കും പ്രതിമാസം 18000 രൂപ ലഭിക്കുന്ന പൂജാരി ഗ്രന്ഥി സമ്മാൻ യോജന പ്രഖ്യാപിച്ചിരിക്കുകയാണ് ആം ആദ്മി.
പദ്ധതിയുടെ രജിസ്ട്രേഷൻ നാളെ ഡിസംബർ 31 മുതൽ ആരംഭിക്കും. കൊണാട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ കെജരിവാൾ നേരിട്ടെത്തി രജിസ്ട്രേഷന് തുടക്കം കുറിക്കുന്നത്. മഹിള സമ്മാൻ യോജന, സഞ്ജീവനി യോജന എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയാണ് പുതിയ പദ്ധതി പ്രഖ്യാപനം. ബിജെപിയും കോൺഗ്രസും എപിയിൽ നിന്ന് പഠിക്കണമെന്നും അവർ അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ ഇതുപോലുള്ള ക്ഷേമപദ്ധതികൾ നടപ്പാക്കണമെന്നും കെജ്രിവാൾ പറഞ്ഞു.
ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ മഹിള സമ്മാൻ യോജന പദ്ധതിയുടെ ഗുണം ജനങ്ങൾക്ക് ലഭിക്കരുതെന്നാണ് ലെഫ്റ്റനന്റ് ഗവർണറും ബിജെപിയും ആഗ്രഹിക്കുന്നതെന്ന് കെജരിവാൾ ആരോപിച്ചു. ആംആദ്മി പാര്‍ട്ടിയെ തോല്പിക്കാന് ബിജെപിയും കോണ്‍ഗ്രസും ഒന്നിക്കുകയാണെന്നും കെജരിവാൾ കുറ്റപ്പെടുത്തി