ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ സ്കൂളുകൾക്ക് ബോംബ് ഭീഷണി മുഴക്കിയതിന് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയെ സൗത്ത് ജില്ലാ പൊലീസ് ആണ് പിടികൂടിയത്.
വ്യാഴാഴ്ച നഗരത്തിലെ പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുനേരെ ബോംബ് ഭീഷണിയുണ്ടായി. ഇത്തരം സംഭവ പരമ്പരയിലെ ഏറ്റവും പുതിയതാണിത്. നേരത്തെയും ഭീഷണി ഇ-മെയിലുകൾ അയച്ചിരുന്നതായി വിദ്യാർഥി സമ്മതിച്ചതായി സൗത്ത് ഡി.സി.പി അങ്കിത് ചൗഹാൻ പറഞ്ഞു.
ഡൽഹിയിലെ മൂന്ന് സ്കൂളുകളിലേക്കെങ്കിലും ബോംബ് ഭീഷണി ഇ-മെയിലുകൾ അയച്ചത് സ്വന്തം വിദ്യാർഥികളാണെന്ന് പൊലീസ് വെളിപ്പെടുത്തി ദിവസങ്ങൾക്ക് ശേഷമാണ് വിദ്യാർഥി പിടിയിലായത്.
സമീപകാലത്ത് സ്കൂൾ സമയത്തെ തടസ്സപ്പെടുത്തുന്ന നിരവധി ബോംബ് ഭീഷണികൾ വന്നതായി അധികൃതർ പറയുന്നു. ഡിസംബർ 9ന് 44 സ്കൂളുകൾക്ക് ഭീഷണി ഇ-മെയിലുകൾ ലഭിച്ചതോടെയാണ് ഭീഷണികളുടെ വലിയ പരമ്പര ആരംഭിച്ചത്. 100,000 ഡോളർ നൽകണമെന്നാവശ്യപ്പെട്ട് നിരവധി സ്കൂളുകൾക്ക് ഇ-മെയിൽ ലഭിച്ചു. ഇല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ ബോംബുകൾ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഭീഷണി.
ഡിസംബർ 13ന് സമാനമായ സംഭവങ്ങൾ 30 സ്കൂളുകളെ ബാധിച്ചു. ഡിസംബർ 14ന് എട്ട് സ്ഥാപനങ്ങളെ ലക്ഷ്യമിട്ടു ഭീഷണി വന്നു. ഡൽഹിയിലെ സ്കൂളുകളെ മാത്രമല്ല, ഈ വർഷം മെയ് മുതൽ ആശുപത്രികൾ, വിമാനത്താവളങ്ങൾ, എയർലൈൻ കമ്പനികൾ എന്നിവയെ ലക്ഷ്യമിട്ട് 50ലധികം ബോംബ് ഭീഷണി മെയിലുകൾ വന്നതായി പറയുന്നു.