ഡോ. ഷഹനയുടെ മരണം; റിമാന്‍ഡിലുള്ള പ്രതി ഡോ. റുവൈസിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

news image
Dec 22, 2023, 6:44 am GMT+0000 payyolionline.in

കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലുള്ള പ്രതി ഡോക്ടർ റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളാടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇന്ന് ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ റുവൈസിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ഏത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും റുവൈസ് കോടതിയെ അറിയിച്ചു.

ഇക്കഴിഞ്ഞ 20ന് ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോഴും റുവൈസ് ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഷഹനയുടെ ആത്മഹത്യാക്കുറിപ്പ് വായിക്കുമ്പോള്‍ രണ്ട് കാര്യങ്ങളാണ് മനസിലാക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചുകൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചിരുന്നത്. ഷഹനയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് റുവൈസിന് അറിയാമായിരുന്നുവെന്നും ഷഹനയുടെ വീട്ടിൽ റുവൈസിൻ്റെ കുടുംബം എത്തിയപ്പോൾ സാമ്പത്തിക കാര്യങ്ങൾ ചർച്ച നടന്നതിന് സാക്ഷികളുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ജീവനൊടുക്കിയ ദിവസം ഷഹന റുവൈസിനെ ബന്ധപ്പെടാൻ ശ്രമിച്ചതിനും തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കികൊണ്ടാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചയിലേക്ക് നീട്ടിവെച്ചത്. തുടര്‍ന്നാണ് ഹൈക്കോടതി ഉപാധികളോടെ ഇന്ന് ജാമ്യം അനുവദിച്ചത്.

ഷഹനയുടെ ആത്മഹത്യയിൽ പങ്കില്ലെന്നും മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് റുവൈസ് ജാമ്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. പൊലീസിനെ വിമര്‍ശിച്ചതിന്‍റെ പ്രതികാരമാണ് തന്‍റെ അറസ്റ്റെന്നും കോടതിയില്‍ റുവൈസിന്‍റെ അഭിഭാഷകന്‍ വാദിച്ചിരുന്നു.സ്ത്രീധനം ചോദിക്കുന്നത് കുറ്റകരമാണെന്ന് കഴിഞ്ഞ ദിവസത്തെ വാദത്തിനിടെ ഹൈക്കോടതി ജഡ്ജി പറഞ്ഞിരുന്നു.പഠനത്തിന് ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചതെന്നും എന്നാൽ വിവാഹം വേഗം വേണമെന്ന് ഷഹന നിർബന്ധിച്ചിരുന്നതായും അത് പറ്റില്ല എന്ന് പറഞ്ഞിരുന്നതായും റുവൈസിൻ്റെ ജാമ്യാപേക്ഷയിലുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe