ബംഗളൂരു: ഡോക്ടറും എൻജിനീയറുമാണെന്ന് പറഞ്ഞ് പറ്റിച്ച് നിരവധി സ്ത്രീകളെ വിവാഹം ചെയ്ത തട്ടിപ്പു വീരൻ അറസ്റ്റിൽ. 2014 മുതൽ 15 സ്ത്രീകളെയാണ് ഇത്തരത്തിൽ പറഞ്ഞു പറ്റിച്ച് മഹേഷ് കെ.ബി. നായക് എന്ന 35കാരൻ വിവാഹം ചെയ്തത്. ഈ വർഷാദ്യം വിവാഹം കഴിച്ച സോഫ്റ്റ്വെയർ എൻജിനീയർ നൽകിയ പരാതിയിലാണ് മഹേഷിനെ പൊലീസ് വലയിലാക്കിയത്. ഡോക്ടറാണെന്ന വ്യാജേന വിവാഹം കഴിച്ച് പണവും സ്വര്‍ണവും അപഹരിച്ചെന്നും കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതി പരാതി നൽകിയത്.
യഥാർഥത്തിൽ അഞ്ചാം ക്ലാസ് വരെയേ മഹേഷ് പഠിച്ചിട്ടുള്ളൂ. ഡോക്ടർ, എൻജിനീയർ, സിവിൽ കോൺട്രാക്റ്റർ എന്നീ പേരുകളിലാണ് യുവതികളെ വിവാഹംകഴിച്ച് ഇയാൾ സ്വർണവും പണവും തട്ടിയത്. വിവാഹം കഴിച്ച നാലു സ്ത്രീകൾ ഇപ്പോഴും ഇയാൾക്കൊപ്പമുണ്ടെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു യുവതി കൂടി ഇയാളുടെ ഇരയാണെന്ന് പറഞ്ഞ് രംഗത്തുവന്നിട്ടുണ്ട്.
മാട്രിമോണിയല്‍ വെബ്‌സൈറ്റുകളിൽ ഡോക്ടറാണെന്നാണ് ഇയാള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. വിവാഹമോചിതരെയും വിധവകളെയുമാണ് ഇയാള്‍ മിക്കപ്പോഴും ലക്ഷ്യമിട്ടിരുന്നത്. കര്‍ണാടകയിലും സംസ്ഥാനത്തിന് പുറത്തും ജോലിചെയ്യുകയാണെന്നാണ് ഇവരെ വിശ്വസിപ്പിച്ചിരുന്നത്. സ്ത്രീകളുടെ വിശ്വാസം നേടിയെടുക്കുന്നതോടെ വിവാഹം ഉറപ്പിക്കും. എന്നാല്‍, വിവാഹശേഷം ഇവരില്‍നിന്ന് പണവും സ്വര്‍ണവും കൈക്കലാക്കുകയായിരുന്നു രീതി. മുമ്പ് സ്വന്തം പിതാവ് തന്നെ ഇയാൾക്കെതിരെ വധശ്രമക്കേസ് ഫയൽ ചെയ്തതായും പൊലീസ് വെളിപ്പെടുത്തി.