ന്യൂഡൽഹി: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രീംകോടതി തള്ളി. ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഡി.കെക്ക് ആശ്വാസം നൽകുന്ന വിധിയാണിത്. 2018ലെ കള്ളപ്പണം വെളുപ്പിക്കൾ കേസുമായി ബന്ധപ്പെട്ട് 2019 സെപ്റ്റംബറിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത് അടുത്ത മാസം തന്നെ ഡൽഹി കോടതി അദ്ദേഹത്തിന് ജാമ്യവും അനുവദിച്ചു. ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് താനെന്നായിരുന്നു കേസിനെ കുറിച്ച് ഡി.കെയുടെ വിശദീകരണം.
കേസ് തള്ളണമെന്നാവശ്യപ്പെട്ട് 2019ലാണ് കർണാടക ഹൈകോടതിയെ സമീപിച്ചത്. വിധി അനുകൂലമല്ലാത്തതിനാൽ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
2017ൽ അദ്ദേഹത്തിന്റെ വീട്ടിലും അനുയായികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ആദായ നികുതി വകുപ്പ് അധികൃതർ റെയ്ഡ് നടത്തിയിരുന്നു. ശിവകുമാറിന്റെ വീട്ടിൽ നിന്ന് 300 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടെടുത്തതായാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്. അതിനു പിന്നാലെയാണ് ഇ.ഡി റെയ്ഡ് നടത്തിയത്. എന്നാൽ പണം ബി.ജെ.പിയുമായി ബന്ധപ്പെട്ടുള്ളതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.