വടകര∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി എത്തിച്ച ഡിവൈഡർ അപകട ഭീഷണി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാത്രം മാറ്റാൻ കഴിയുന്ന, കോൺക്രീറ്റ് കൊണ്ട് നിർമിച്ച ഭാരം കൂടിയ ഡിവൈഡറിന്റെ രണ്ടു ഭാഗത്തായി കമ്പികൾ പുറത്തേക്ക് തെറിച്ചു നിൽക്കുകയാണ്. തിരക്കേറിയ റോഡിൽ കണ്ണൂക്കരയ്ക്കും മുക്കാളിക്കും ഇടയിൽ മുടവൻ കണ്ടി റോഡ് സ്റ്റോപ്പിന് സമീപത്താണ് ഇവ. റോഡ് പണിയുമ്പോൾ അരിക് കോൺക്രീറ്റ് ചെയ്യുന്നതിനാണ് ഈ ഡിവൈഡർ ഉപയോഗിക്കുന്നത്. ഇരുഭാഗത്തേക്കും വാഹനങ്ങൾ പോകുന്ന റോഡിൽ കാൽനട യാത്രക്കാർക്ക് ഭീഷണിയാണ് ഈ കമ്പികൾ. രാത്രി വാഹനങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ അപകടം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.