ട്വിറ്റർ ബ്ലൂ വേരിഫിക്കേഷൻ ബാഡ്ജിന് ഇന്ത്യക്കാർ ഒരു മാസം 719 രൂപ നൽകണം

news image
Nov 11, 2022, 10:01 am GMT+0000 payyolionline.in

മുംബൈ: സോഷ്യൽ മീഡിയ ഭീമനായ ട്വിറ്ററിന്റെ പെയ്ഡ് വേരിഫിക്കേഷൻ ഇന്ത്യയിൽ ആരംഭിച്ചു. പ്രതിമാസം എട്ട് ഡോളർ എന്ന നിരക്കിൽ ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ട് ഉടമകൾ ബ്ലൂ ടിക്കിന് പണം നൽകണമെന്ന് ട്വിറ്ററിന്റെ പുതിയ ഉടമ ഇലോൺ മസ്‌ക് പറഞ്ഞിരുന്നു.  എട്ട് ഡോളർ അഥവാ 646.03 രൂപയ്ക്കാണ് മറ്റ് രാജ്യങ്ങളിൽ പണം നൽകേണ്ടത് എങ്കിൽ ഇന്ത്യയിൽ 719 രൂപ നൽകണം. അതായത് ഏകദേശം 8.9 ഡോളറിന് തുല്യമാണ് ഇത്.

ഇന്ത്യയിലെ ഉപഭോക്താക്കൾക്ക്, ബ്ലൂ ടിക്ക് ബാഡ്ജ് വേണമെങ്കിൽ പണം നൽകണമെന്നുള്ള  ട്വിറ്ററിന്റെ സന്ദേശം ലഭിച്ചു കഴിഞ്ഞു. യുഎസുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ വില കൂടുതലാണ്. 8  ഡോളറിന് പകരം  8.9 ഡോളർ നൽകേണ്ടി വരുന്നു. പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ നേടി കഴിഞ്ഞാൽ വെരിഫിക്കേഷൻ ഇല്ലാതെ തന്നെ ട്വിറ്റർ ഉപഭോക്താക്കൾക്ക് ബ്ലൂ ടിക്ക് ബാഡ്ജ് ലഭിക്കും. ബ്ലൂ ടിക്ക് ഉടമകൾക്ക് പല മുൻഗണകളും ഇനി മുതൽ ട്വിറ്റർ നൽകും. അതായത് ദൈർഘ്യമേറിയ വീഡിയോകൾ പോസ്റ്റ് ചെയ്യാനുള്ള അവസരവും  പരസ്യങ്ങൾ ഇല്ലാതെ വായനയും ട്വിറ്റർ നൽകും.

ട്വിറ്റർ അതിന്‍റെ ഉപയോക്തൃ സേവന സംവിധാനങ്ങള്‍ പരിഷ്കരിക്കുന്നതായി ആഴ്ചകൾക്ക് മുൻപാണ് ഇലോൺ മസ്‌ക് അറിയിച്ചത്. ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്‌ഷൻ സേവനം ഒരു മാസത്തിനുള്ളിൽ ഇന്ത്യയിൽ ലഭ്യമാകുമെന്ന് മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകൾ തടയുക എന്നത് ലക്ഷ്യം വെക്കുന്നുണ്ടെങ്കിലും ബ്ലൂ ടിക്കിന് പണം ഈടാക്കിയ നടപടി വരുമാനം മുന്നിൽ കണ്ടിട്ട് തന്നെയാണ്. കാരണം 44  ബില്യൺ ഡോളറിനാണ് ശതകോടീശ്വരൻ ഇലോൺ മസ്‌ക് ട്വിറ്ററിനെ സ്വന്തമാക്കിയത്. അതിനാൽ ട്വിറ്ററിൽ മുടക്കിയ തുക ട്വിറ്ററിലൂടെ തന്നെ തിരിച്ചു പിടിക്കാൻ മസ്‌ക് ശ്രമിക്കും. ട്വിറ്ററിന്റെ വരുമാനത്തിലെ ഭൂരിഭാഗവും സബ്‌സ്‌ക്രിപ്‌ഷനിലൂടെ നേടാനാണ് ഇലോൺ മാസ്കിന്റെ പദ്ധതി.

ട്വിറ്ററിൽ വളരെയധികം അഴിമതിയും വ്യാജ അക്കൗണ്ടുകളും പെരുകുന്നുണ്ടെന്നും വരും മാസങ്ങളിൽ അവ നീക്കം ചെയ്യുമെന്നും ഇലോൺ മസ്‌ക് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe