തിരുവനന്തപുരം> സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തും. ജൂലായ് 31 അർദ്ധരാത്രി വരെ 52 ദിവസമാണ് നിരോധനം. നിരോധന സമയത്ത് യന്ത്രവൽകൃത ബോട്ടുകൾക്ക് കടലിൽ പോകാനും മത്സ്യബന്ധനം നടത്താനും അനുമതിയില്ല. നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ മന്ത്രി സജി ചെറിയാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ട്രോളിങ് നിരോധന കാലയളവിൽ ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വളളം മാത്രമേ അനുവദിക്കു. നിരോധനത്തിന്റെ ഭാഗമായി എല്ലാ യന്ത്രവൽകൃത ബോട്ടുകളും വെള്ളിയാഴ്ച ഹാർബറുകളിൽ പ്രവേശിക്കും.
മുഴുവൻ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഹാർബറുകളിലും ലാന്റിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ അടക്കും. ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കാൻ അതത് ജില്ലകളിലെ മത്സ്യ ഫെഡിന്റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കും.
നിയന്ത്രണങ്ങൾക്കായി ഫിഷറീസ് വകുപ്പ് മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ്, ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവരെയും സജ്ജമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മത്സ്യ തൊഴിലാളികൾക്ക് രണ്ട് മാസത്തെ സൗജന്യ റേഷനും തൊഴിലാളികളുടെ 1500 രൂപ വിഹിതവും ചേർത്ത് 4500 രൂപ വിതരണം ചെയ്യും.