ബേപ്പൂർ: യന്ത്രവത്കൃത ബോട്ടുകളുടെ മൺസൂൺകാല ട്രോളിങ് നിരോധനത്തിൽ പുതിയ പഠനം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. ജൂൺ, ജൂലൈ മാസങ്ങൾ മത്സ്യങ്ങളുടെ പ്രജനന കാലഘട്ടമാകയാൽ, ഈ സമയത്തുള്ള മത്സ്യബന്ധനം കടൽ സമ്പത്തിന്റെ വംശനാശത്തിന് കാരണമാകുമെന്ന മുൻകാല പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഫിഷറീസ് വകുപ്പ് ട്രോളിങ് നിരോധനം വർഷങ്ങളായി ഏർപ്പെടുത്തി വരുന്നത്.
‘മൺസൂൺ കാല മത്സ്യബന്ധന നിരോധനം ഏർപ്പെടുത്തൽ’ ശിപാർശ ചെയ്യുന്ന സമുദ്ര പഠനത്തിന്, പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സമീപകാലങ്ങളിൽ പ്രകൃതിയിലുണ്ടായ വലിയ മാറ്റങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളും, സമുദ്രത്തിന്റെ അടിത്തട്ടിലും ഉപരിതലത്തിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. മുമ്പ് ധാരാളമായി ലഭിച്ച പല മത്സ്യങ്ങളും അപ്രത്യക്ഷമാവുകയും പുതിയ ഇനം മീനുകൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ട്രോളിങ് നിരോധനം കൊണ്ട് കടൽസമ്പത്തിന് ഗുണകരമാകുന്നുണ്ടോ എന്നതിന് പുറമെ, മത്സ്യങ്ങളുടെ പ്രജനനത്തിന്റെ സ്വഭാവിക മാറ്റങ്ങളെകുറിച്ചും സമുദ്ര ഗവേഷണ വിഭാഗം പുതിയ പഠനത്തിന് വിധേയമാക്കണമെന്നാണ് യന്ത്രവൽകൃത ബോട്ടുടമ സംഘടനകൾ ആവശ്യപ്പെടുന്നത്. എന്നാൽ, നിരോധന കാലത്ത് ട്രോളിങ് ബോട്ടുകളെക്കാള്‍ വലിയ ഇരുമ്പു വഞ്ചികളാണ് കടല്‍ അരിച്ച് മത്സ്യസമ്പത്ത് കോരിയെടുക്കുന്നത്. ഇന്‍ബോര്‍ഡ് എഞ്ചിൻ ഘടിപ്പിച്ച കോടികൾ വിലമതിക്കുന്ന ഭീമന് വഞ്ചികള്‍ ട്രോളിങ് നിരോധന സമയത്ത് ‘പരമ്പരാഗതം’ എന്ന പേരില്‍ 12 നോട്ടിക്കൽ മൈലിന് പകരം 22 നോട്ടിക്കൽ മൈൽ വരെ കടലിൽ മീൻപിടിത്തം നടത്തുന്നത് അംഗീകരിക്കാനാവില്ല.
ഇവരുപയോഗിക്കുന്ന റിംഗ്സീന്‍ പോലുള്ള വലകൾ മത്സ്യസമ്പത്തിന് ദോഷകരമാണ്. നിരോധനകാലം കടലിനെ പൂര്‍ണ്ണമായി ഒഴിവുകാലമാക്കി എല്ലാ തരം യന്ത്രവല്‍കൃത മല്‍സ്യബന്ധനവും നിരോധിക്കണമെന്ന ആവശ്യമാണ് ഉയർത്തുന്നത്. കേരളത്തില്‍ മാത്രമാണ് പരമ്പരാഗതമെന്ന പേരില്‍ മണ്‍സൂണ്‍ കാലത്ത് മീൻപിടിത്തം നടത്തുന്നതിന് പ്രത്യേക പരിരക്ഷയും പരിഗണനയും നല്‍കുന്നത്. ഈ ആനുകൂല്യത്തിന്റെ മറവിലാണ് ചൈനീസ് എന്‍ജിനുകൾ ഘടിപ്പിച്ച ഇരുമ്പു വഞ്ചികള്‍ മല്‍സ്യസമ്പത്ത് അനിയന്ത്രിതമായി അരിച്ചെടുക്കുന്നത്.
ട്രോളിങ് നിരോധന കാലയളവാണ് കരിക്കാടി ചെമ്മീനിന്റെ ആഗമനകാലം. കോടികള്‍ വിദേശനാണ്യം നേടിത്തരുന്ന കടല്പൊന്നായ കരിക്കാടി ചെമ്മീൻ ജൂൺ-ജൂലൈ മാസങ്ങളിൽ പിടിച്ചില്ലെങ്കിൽ പിന്നീട് ലഭ്യമാകില്ല. മണ്സൂണിനോടൊപ്പം കേരളത്തിലെ തീരക്കടലിലെത്തുന്ന കരിക്കാടി ചെമ്മീന്ചാകര ട്രോളിങ് ബോട്ടുകളുടെ നിലനില്പിന്റെ തന്നെ പ്രധാന ഘടകമായിരുന്നു. നിരോധന പ്രഖ്യാപനത്തിന്റെ ആദ്യകാലങ്ങളിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി നിരോധന സാധുതയെ ചോദ്യം ചെയ്തു കൊണ്ട്, കരിക്കാടി ചെമ്മീൻ പിടിക്കാൻ അനുവാദം ലഭിക്കുന്നതിന് സമരങ്ങളും നിയമയുദ്ധങ്ങളും യന്ത്രവല്‍കൃത ട്രോളിങ് മേഖല നടത്തിയെങ്കിലും അനുകൂല നിലപാടുണ്ടായില്ല.
നിരോധന കാലഘട്ടത്തിൽ കടലിൽ വലിയ വിദേശ കപ്പലുകൾ യഥേഷ്ടം ട്രോളിങ് നടത്തുന്നു. സംസ്ഥാനത്തെ യന്ത്രവൽകൃത ബോട്ടുകാർക്ക് ലഭിക്കേണ്ട മത്സ്യങ്ങളാണ് വിദേശ ട്രോളറുകൾ കോരിയെടുത്തു മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നത്. ഇത് തടയുന്നതിനുള്ള നിയമം അപര്യാപ്തവുമാണ്. ട്രോളിങ് നിരോധന വിഷയത്തിൽ പുതിയ പഠനം നടത്തണമെന്ന ആവശ്യവുമായി കേന്ദ്ര-സംസ്ഥാന ഫിഷറീസ് മന്ത്രാലയങ്ങളെ സമീപിക്കാൻ തീരുമാനിച്ചതായി സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് പറഞ്ഞു. നിലവിലെ ട്രോളിങ് നിരോധനം തീർത്തും അശാസ്ത്രീയമാണെന്നും നിരോധന കാലയളവിൽ പരമ്പരാഗത മേഖലക്ക് അനുവദിച്ച മീൻപിടിത്തം ഇതര സംസ്ഥാനങ്ങളെപ്പോലെ 9.9 എൻജിൻ ഘടിപ്പിച്ച ചെറുകിട വഞ്ചികൾക്ക് മാത്രം അനുവദിച്ച്, കടൽസമ്പത്തിന്റെ സംരക്ഷണം ഉറപ്പുവരുത്താൻ സർക്കാറിന്റെ ഭാഗത്തുനിന്നു ശക്തമായ നടപടി ഉണ്ടാവണമെന്നാണ് ആവശ്യം.