കോഴിക്കോട്: ട്രെയിനിൽനിന്ന് യാത്രക്കാരിയുടെ മാല പൊട്ടിച്ച് ചാടിയ പ്രതിയെ കോഴിക്കോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ഷഹരൻപുർ സ്വദേശി ഷഹജാദ് മുഹമ്മദാണ് (28) പിടിയിലായത്.
ഇക്കഴിഞ്ഞ 29ന് കോയമ്പത്തൂർ ഇന്റർസിറ്റിയിൽ പരപ്പനങ്ങാടിയിലെത്തിയപ്പോഴാണ് യുവാവ് യാത്രക്കാരിയുടെ മാല പൊട്ടിച്ച് പുറത്തേക്ക് ചാടിയത്. എന്നാൽ, പൊട്ടിച്ച മാല മുക്കുപണ്ടമായിരുന്നു.
കോഴിക്കോട് മുതൽ യാത്രക്കാരിയെ പിന്തുടർന്ന പ്രതി ട്രെയിൻ പരപ്പനങ്ങാടി സ്റ്റേഷൻ വിടുന്ന സമയത്ത് മാല പൊട്ടിച്ച് പുറത്തേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രതി തെങ്ങിൽനിന്ന് വീണ് പരിക്ക് പറ്റി എന്ന വ്യാജേന അടുത്തുള്ള ഹോസ്പിറ്റലിൽ ചികിത്സ തേടി. റെയിൽവേ പൊലീസും ആർ.പി.എഫും സമീപത്തെ ഹോസ്പിറ്റലിൽ പരിശോധന നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതിയുടെ പേരിൽ സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട്. കോഴിക്കോട് റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്.ഐ പ്രദീപ്കുമാർ സി, എ.എസ്.ഐമാരായ ഷമീർ, ഷൈജു പ്രശാന്ത്, സി.പി.ഒ സഹീർ അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
