ട്രെയിനിലെ വിദ്വേഷക്കൊല; ചേതൻ സിങ്ങിന് ‘ഒന്നും ഓർമയില്ലെന്ന്’ അഭിഭാഷകൻ

news image
Aug 18, 2023, 4:11 am GMT+0000 payyolionline.in

മുംബൈ: ജയ്പൂർ-മുംബൈ സൂപർ ഫാസ്റ്റ് എക്സ്പ്രസിൽ എ.​എ​സ്.​ഐ​യെയും മൂ​ന്ന് മു​സ്‍ലിം യാ​ത്ര​ക്കാ​രെ​യും വെടിവെച്ചു കൊലപ്പെടുത്തിയ ആർ.പി.എഫ് കോൺസ്റ്റബിൾ ചേ​ത​ൻ സി​ങ്ങിന് നടന്ന സംഭവങ്ങളൊന്നും ഓർമയില്ലെന്ന് അഭിഭാഷകൻ. ട്രെയിനിലെ കൂട്ടക്കൊലയെ കുറിച്ചോ അറസ്റ്റിനെ കുറിച്ചോ കസ്റ്റഡിയിൽ കഴിയുന്നതിനെ കുറിച്ചോ ഒന്നും ഓർക്കാൻ ചേതൻ സിങ്ങിനാവുന്നില്ലെന്നാണ് അഭിഭാഷകന്‍റെ വാദം. കൂട്ടക്കൊല നടത്തിയ പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സ്ഥാപിക്കാൻ തുടക്കം മുതൽക്കേ ശ്രമം നടന്നിരുന്നു. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടോയെന്ന് വിദഗ്ധ സമിതി പരിശോധിക്കട്ടെയെന്നാണ് റെയിൽവേ പൊലീസ് നിലപാട്.

ഒരു ചോദ്യത്തിനും ചേതൻ സിങ് ഇപ്പോൾ കൃത്യമായി മറുപടി നൽകുന്നില്ലെന്നാണ് അഭിഭാഷകൻ അമിത് മിശ്ര പറയുന്നത്. ചേതൻ സിങ്ങിന്‍റെ മാനസികാവസ്ഥ വളരെ ദുർബലമാണ്. അദ്ദേഹത്തെ ജയിലിൽ കസ്റ്റഡിയിൽ വെക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അഭിഭാഷകൻ പറഞ്ഞു.

ക്രൂരകൃത്യം നടത്തിയ പ്രതിക്ക് മാനസിക പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു നേരത്തെ റെയിൽവേ പൊലീസ് കോടതിയെ അറിയിച്ചത്. എന്നാൽ, മണിക്കൂറുകൾക്കകം ഈ പ്രസ്താവന പിൻവലിച്ച റെയിൽവേ പൊലീസ് വിദഗ്ധ സംഘം പരിശോധിച്ച് റിപ്പോർട്ട് നൽകുമെന്ന് അറിയിക്കുകയാണ് ചെയ്തത്. അതിനിടെ കഴിഞ്ഞ ദിവസം ചേതൻ സിങ്ങിനെ ആർ.പി.എഫ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.

ജൂലൈ 31നായിരുന്നു ഇയാൾ ട്രെയിനിൽ കൂട്ടക്കൊല നടത്തിയത്. യു.പി ഹാഥ്റസ് സ്വദേശിയായ ചേ​ത​ൻ സി​ങ്ങ് തന്‍റെ മേലുദ്യോഗസ്ഥനായ എ.എസ്.ഐ ടിക്കാറാം മീണയെയും, തുടർന്ന് മൂ​ന്ന് മു​സ്‍ലിം യാ​ത്ര​ക്കാ​രെ​യും വെടിവെച്ചു കൊല്ലുകയായിരുന്നു. അസ്ഗർ അബ്ബാസ് ശൈഖ് (48), അബ്ദുൽ ഖാദർ മുഹമ്മദ് ഹുസൈൻ ഭൻപുർവാല (64), സയ്യിദ് സൈഫുല്ല (40) എന്നിവരാണ് കൊല്ലപ്പെട്ട യാത്രികർ. മു​സ്‍ലിം യാ​ത്ര​ക്കാ​രെ തിരഞ്ഞുപിടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്കു സ​മീ​പം നി​ന്ന് ‘ഇ​ന്ത്യ​യി​ൽ ജീ​വി​ക്ക​ണ​മെ​ങ്കി​ൽ മോ​ദി​ക്കും യോ​ഗി​ക്കും മാ​ത്രം വോ​ട്ടു​ചെ​യ്യു​ക’ എ​ന്ന് പ്ര​തി പ​റ​യു​ന്ന വി​ഡി​യോ പുറത്തുവന്നിരു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe