പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി അമ്മ. ഇത്തരത്തില്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോവാന്‍ കൊലക്കുറ്റമൊന്നും ചെയ്ത വ്യക്തിയല്ല തന്‍റെ മകനെന്ന് അമ്മ പറഞ്ഞു. രാഹുല്‍ ധൈര്യശാലിയാണെന്നും ഇതൊന്നും കണ്ട് പേടിക്കില്ലെന്നും അവര്‍ പറഞ്ഞു.
“കൊലക്കുറ്റമൊന്നും ചെയ്ത വ്യക്തിയല്ല എന്‍റെ മോന്‍. വന്ന പൊലീസുകാരോട് എല്ലാവരോടും ഞാന്‍ ചോദിച്ചു എന്താ പ്രശ്നമെന്ന്. ശരിക്കും പറഞ്ഞാല്‍ ഇതൊരു ട്രാപ്പാണ്. കൂടെ വന്ന പകുതിപ്പേര്‍ക്കു പോലും സംഭവം അറിയില്ല. മുകളില്‍ നിന്നുള്ള തീരുമാനമാണെന്ന് നമുക്ക് മനസ്സിലാവും. ഞങ്ങള്‍ ചോദിക്കുന്നതിന് മറുപടി പറയാന്‍ പറ്റാത്ത വിധത്തില്‍ പൊലീസിന് ഫോണ്‍ വരികയാണ്. രാഹുലിനെ കൊണ്ടുപോയേ പറ്റുകയുള്ളൂ എന്ന് പറഞ്ഞു. അവര്‍ കാരണം പറഞ്ഞിരുന്നെങ്കില്‍ ധൈര്യമായി ഞാന്‍ അവനെ വിളിച്ചിറക്കി വിടുമായിരുന്നു”- അമ്മ വിശദീകരിച്ചു.
കൂടെയുണ്ടായിരുന്ന വനിതാ പൊലീസിനോടും എന്തിനാണ് രാഹുലിനെ കൊണ്ടുപോവുന്നതെന്ന് ചോദിച്ചെന്നും അറിയില്ലെന്നായിരുന്നു മറുപടിയെന്നും അമ്മ പറഞ്ഞു. ഏത് കേസാണെന്ന് പറയാമല്ലോ എന്ന് ചോദിച്ചപ്പോള്‍ പൊളിറ്റിക്സല്ലേ എന്നായിരുന്നു പൊലീസുകാരുടെ മറുപടി. പിന്നീടാണ് സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസാണെന്ന് പറഞ്ഞത്. പൊലീസ് വീടിന്‍റെ നാല് വശവും വന്ന് തട്ടുകയും മുട്ടുകയുമാണ് ചെയ്തത്. കോളിംഗ് ബെല്ലടിച്ചല്ല അവര്‍ ഉള്ളിലേക്ക് വന്നത്. എന്തിനിങ്ങനെയൊരു അറസ്റ്റെന്നും അമ്മ ചോദിക്കുന്നു.
ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട അടൂരിലെ വീട്ടില്‍ വച്ചാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കന്‍റോണ്‍മെന്‍റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട അക്രമ കേസിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ വീട്ടില്‍ കയറിയുള്ള പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. വീട് മൊത്തം പൊലീസ് വളയുകയായിരുന്നുവെന്നും ഭീകരവാദിയെ പിടിക്കുന്നതുപോലെയുള്ള നീക്കമാണ് നടന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം തുടങ്ങി.
ഡിസംബറില്‍ യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെതിരെ പൊലീസ് എടുത്ത കേസിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർക്കെതിരെ കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്. വി ഡി സതീശൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ തിരിച്ചറിഞ്ഞ 30 പേരുടെ പേരുകളാണ് എഫ്ഐആറിൽ ഉള്ളത്. കണ്ടാലറിയാവുന്ന മുന്നൂറിലേറെ പേരും കേസിൽ പ്രതികളാണ്.
കരിങ്കൊടി പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായ അക്രമങ്ങൾക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധക്കാര്‍ മൂന്ന് പൊലീസ് വാഹനങ്ങളുടെ ചില്ല് അടിച്ചുതകര്‍ത്തിരുന്നു. കന്‍റോണ്‍മെന്‍റ് എസ്ഐ ഉള്‍പ്പെടെ എട്ട് പൊലീസുകാര്‍ക്കും നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു.