തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ധനവകുപ്പ്. 25 ലക്ഷം രൂപ വരെയുള്ള ബില്ലുകൾ മാറി നൽകാൻ ട്രഷറി വകുപ്പിന് നിർദേശം നൽകി. അഞ്ചു ലക്ഷം വരെയുള്ള ബില്ലുകൾ മാത്രമാണ് നിലവിൽ മാറിയിരുന്നത്. സാമ്പത്തിക വർഷം ആരംഭിച്ചതോടെ പുതിയ കടമെടുപ്പിന് അനുമതി ലഭിച്ചതാണ് നിയന്ത്രണം നീക്കാൻ കാരണമെന്നാണ് വിവരം.
25 ലക്ഷമായിരുന്ന ട്രഷറി ബിൽ മാറ്റ പരിധി കഴിഞ്ഞ ജൂലൈ ആദ്യമാണ് 10 ലക്ഷമാക്കിയത്. അതേമാസം അവസാനം അഞ്ചു ലക്ഷമാക്കി. ശമ്പളം, പെൻഷൻ, മരുന്നുവാങ്ങൽ തുടങ്ങി ചുരുക്കം ചെലവുകൾ ഒഴികെ എല്ലാ ബില്ലുകൾക്കും നിയന്ത്രണം ബാധകമാക്കുകയും ചെയ്തു. അഞ്ചുലക്ഷമെന്ന പരിധിയിൽ ഇത്ര നീണ്ട കാലയളവിൽ ട്രഷറി പ്രവർത്തിക്കുന്നത് സമീപകാലത്ത് ഇതാദ്യമാണ്.
ജനവിധിക്ക് പിന്നാലെ സാമൂഹിക സുരക്ഷ പെൻഷനിലും സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളിലും അടിയന്തര ഇടപെടലുകളിലേക്കാണ് സർക്കാർ നീങ്ങുന്നത്. ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്തിട്ടുണ്ട്. അതേസമയം, ഫെബ്രുവരി മുതലുള്ള അഞ്ചു മാസത്തേത് കുടിശ്ശികയാണ്.