കൊച്ചി: ട്യൂഷൻ സെന്‍ററുകൾ രാത്രി ക്ലാസ് നടത്തരുതെന്ന സംസ്ഥാന ബാലാവകാശ കമീഷന്‍റെ ഉത്തരവിന് ഹൈകോടതി സ്റ്റേ. അതേസമയം, വിനോദയാത്രകൾ പാടില്ലെന്ന കമീഷൻ ഉത്തരവിൽ കോടതി ഇടപെട്ടില്ല. ട്യൂഷൻ സെന്‍ററുകൾ രാത്രി ക്ലാസുകളും വിനോദയാത്രകളും നടത്തരുതെന്ന ബാലാവകാശ കമീഷന്‍റെ ആഗസ്റ്റ് നാലിലെ ഉത്തരവിനെതിരെ വെൽഫെയർ ഓർഗനൈസേഷൻ ഫോർ ട്യൂട്ടോറിയൽസ് ആൻഡ് ടീച്ചേഴ്‌സ് സംഘടന ആക്ടിങ് ജനറൽ സെക്രട്ടറിയും കരുനാഗപ്പള്ളി സ്വദേശിയുമായ ജി.കെ. സുജേഷ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ഇടക്കാല ഉത്തരവ്.
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന പല കുട്ടികളും എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഉയർന്ന മാർക്ക് വാങ്ങുന്നതിന് പിന്നിൽ ട്യൂഷൻ ക്ലാസുകളുടെ സ്വാധീനമുണ്ടെന്ന് ഹരജിയിൽ പറയുന്നു. ഇവരെ മറ്റ് കുട്ടികളോടു മത്സരിക്കാൻ പ്രാപ്തിയുള്ളവരാക്കേണ്ടതുണ്ട്. കൂടുതൽ സമയം പഠിച്ച് ഉയർന്ന ഗ്രേഡ് വാങ്ങാനുള്ള കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നതാണ് കമീഷന്‍റെ ഉത്തരവെന്നും ഇതു റദ്ദാക്കണമെന്നുമായിരുന്നു ഹരജിക്കാരന്‍റെ വാദം. ട്യൂഷൻ സെന്‍ററുകളുടെ വാദം കേൾക്കാതെയാണ് ഉത്തരവിറക്കിയതെന്നും ഹരജിയിൽ ആരോപിക്കുന്നു.