വാഷിങ്ടൺ: ടൈറ്റന്റെ അവശിഷ്ടങ്ങളുമായി കനേഡിയന്‍ കപ്പല്‍ ന്യൂഫൗണ്ട്ലാന്റിലെ സെന്റ് ജോണ്‍സിലെ തുറമുഖത്ത് തിരിച്ചെത്തി. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ തേടിയുള്ള യാത്രയിൽ കഴിഞ്ഞയാഴ്ചയാണ് ടൈറ്റാൻ മുങ്ങിക്കപ്പൽ പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിച്ചത്. ന്യൂഫൗണ്ട്ലാന്റില്‍ നിന്ന് ഏകദേശം 700 കിലോമീറ്റര്‍ തെക്ക് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപമാണ് തിരച്ചില്‍ നടത്തിയത്. 10 ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് ടൈറ്റാന്റെ അവശിഷ്ടം കണ്ടെത്തിയത്.
ജൂണ്‍ 18 ന് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുളള യാത്രയ്ക്കിടെ കടലിന്റെ ഉപരിതലത്തില്‍ നിന്ന് ഏകദേശം നാല് കിലോമീറ്റര്‍ താഴെയായി ഒരു വലിയ സ്‌ഫോടനത്തിലാണ് ടൈറ്റന്‍ പൊട്ടിത്തെറിച്ചത്. ഇതിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും മരണപ്പെട്ടു. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ക്ക് 500 മീറ്റര്‍ അകലെ ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി യു.എസ് കോസ്റ്റ് ഗാര്‍ഡ് പ്രഖ്യാപിക്കുകയായിരുന്നു.
22 അടി (6.7 മീറ്റര്‍) ഉയരമുള്ള ടൈറ്റന്റെ അഞ്ച് പ്രധാന ഭാഗങ്ങളാണ് കണ്ടെത്തിയിട്ടുളളത്. അതില്‍ കപ്പലിന്റെ പിന്‍ഭാഗവും മര്‍ദ്ദം നിയന്ത്രിക്കുന്ന രണ്ട് ഭാഗങ്ങളും ഉള്‍പ്പെടുന്നതായി കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടൈറ്റനെ കുറിച്ചുളള വിവരം ലഭിക്കാന്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള രക്ഷാസംഘങ്ങള്‍ വിമാനങ്ങളും കപ്പലുകളും ഉപയോഗിച്ച് ആയിരക്കണക്കിന് മൈല്‍ കടലിനടിയിൽ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ അവശിഷ്ടങ്ങളുടെ സ്ഥാനം ടൈറ്റാനിക്കിന്റെ അവശിഷ്ടമുളളതിന് താരതമ്യേന അടുത്തായിരുന്നു. അതിനടുത്തേക്ക് ഇറങ്ങുന്നതിനിടെയാവാം അപകടം നടന്നതെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്.