ടെക്‌നോപാർക്കിലെ 1.5 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ആധുനിക ഓഫിസ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

news image
Jan 9, 2024, 12:23 pm GMT+0000 payyolionline.in

തിരുവനന്തപുരം∙ ടെക്‌നോപാർക്കിലെ ടോറസ് ഡൗൺടൗണ്‍  ട്രിവാന്‍‍ഡ്രത്തിന്‍റെ ഭാഗമായ എംബസി ടോറസ് ടെക്‌സോണിന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ ആദ്യ ഓഫിസ് കെട്ടിടമായ നയാഗ്ര മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഉദ്ഘാടനം ചെയ്യും. ടെക്‌നോപാർക്കിൽ 1.5 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ആധുനിക ഓഫിസ് സമുച്ചയമായ നയാഗ്ര പ്രവര്‍ത്തനം ആരംഭിക്കുന്നതിലൂടെ കൂടുതൽ ഐടി കമ്പനികള്‍ക്ക് ഇവിടെ പ്രവര്‍ത്തിക്കാനുള്ള വഴിതുറക്കും. 5 ദശലക്ഷം ചതുരശ്ര അടി വിസ്തീർണത്തില്‍ ഒരുങ്ങുന്ന ടോറസ് ഡൗൺടൗണ്‍  ട്രിവാന്‍‍ഡ്രത്തില്‍ സെൻട്രം ഷോപ്പിങ് മാള്‍, നോൺ സെസ് ഓഫിസ് കെട്ടിടം, ടോറസ് യോസെമൈറ്റ്, അസറ്റ് ഐഡന്റിറ്റി,  ബിസിനസ് ഹോട്ടല്‍ എന്നിവയുണ്ട്.

11.45 ഏക്കർ സ്ഥലത്തില്‍ ടോറസ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിങ്സും എംബസി ഗ്രൂപ്പും പൂര്‍ത്തീകരിച്ച എംബസി ടോറസ് ടെക് സോൺ എന്ന അത്യാധുനിക ഓഫിസ്  3 ദശലക്ഷം ചതുരശ്ര അടിയിലാണ്. ഇതില്‍ 1.5 ദശലക്ഷം ചതുരശ്ര അടി വീതമുള്ള രണ്ട് കെട്ടിടങ്ങളാണുള്ളത്. ആദ്യത്തെ കെട്ടിടമായ നയാഗ്രയ്ക്ക് 13 നിലകളാണുള്ളത്, ഏഴ് നിലകളിലായി 1350 കാർ  പാർക്കിംഗ് സൗകര്യമുണ്ട്.

പദ്ധതിയുടെ അടുത്ത ഘട്ടത്തിന്റെ ഭാഗമായി 1.5 മില്യൺ ചതുരശ്ര അടി വിസ്തീർണ്ണം കൂടി വികസിപ്പിക്കാനുള്ള സാധ്യതയും ഉണ്ട്. നയാഗ്രയിൽ  ലോകപ്രശസ്ത ഐടി കമ്പനികളും പ്രമുഖ ഫോർച്യൂൺ 100 കമ്പനികളും  ദീർഘകാല ലീസ് അടിസ്ഥാനത്തിൽ പ്രവര്‍ത്തിക്കും. മൊത്തം 1 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ളതില്‍ 85% സ്ഥലത്തിന്‍റെയും  ലീസിങ് ഇതിനോടകം പൂർത്തിയായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe