മലപ്പുറം: ടൂത്ത് പേസ്റ്റിന് എം.ആർ.പിയെക്കാൾ അധികവില ഈടാക്കിയതിന് സൂപ്പർ മാർക്കറ്റ് 10,000 രൂപ പിഴയടക്കണമെന്ന് മലപ്പുറം ജില്ല ഉപഭോക്തൃ കമീഷന്റെ വിധി. മഞ്ചേരി അരുകിഴായ സ്വദേശി നിർമൽ നൽകിയ പരാതിയിലാണ് ഉത്തരവ്. സെപ്റ്റംബർ 23നാണ് പരാതിക്കാരൻ മഞ്ചേരിയിലെ സൂപ്പർ മാർക്കറ്റിൽനിന്ന് ടൂത്ത് പേസ്റ്റ് വാങ്ങിയത്. എം.ആർ.പി 164 രൂപയായിരുന്ന ടൂത്ത് പേസ്റ്റിന് 170 രൂപയാണ് ഈടാക്കിയത്. അധികതുക തിരിച്ചുതരണമെന്നാവശ്യപ്പെട്ടപ്പോൾ ഈ വിലക്കേ നൽകാനാകൂവെന്നും വേണമെങ്കിൽ മറ്റെവിടെനിന്നെങ്കിലും സാധനം വാങ്ങിക്കാമെന്നുമായിരുന്നു പ്രതികരണം. തുടർന്നാണ് ഉപഭോക്തൃ കമീഷനിൽ പരാതി നൽകിയത്. സ്കാനർ ഉപയോഗിച്ച് നൽകുന്ന ബില്ലാണെന്നും പിഴവില്ലെന്നും പരാതിക്കാരൻ ഹാജറാക്കിയത് സൂപ്പർ മാർക്കറ്റിൽനിന്ന് നൽകിയ ടൂത്ത്പേസ്റ്റല്ലെന്നും കടയുടമയെ അപകീർത്തിപ്പെടുത്താൻ വ്യാജ പരാതി നൽകിയതാണെന്നുമാണ് എതിർകക്ഷി ബോധിപ്പിച്ചത്.
എന്നാൽ, ഒരു ഉപഭോക്താവിനോട് എങ്ങനെ പെരുമാറരുതെന്നതിന്റെ ഉദാഹരണമാണ് പരാതിക്കാരന്റെ അനുഭവമെന്നും ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന കാര്യത്തിൽ ജീവനക്കാർക്ക് കൂടുതൽ പരിശീലനം നൽകണമെന്നും അധികവില ഈടാക്കിയത് തിരിച്ചുനൽകുന്നതോടൊപ്പം 10,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരമായി നൽകണമെന്നും ഉപഭോക്തൃ കമീഷൻ വിധിച്ചു.
കോടതി ചെലവിനത്തിൽ 3000 രൂപ ലീഗൽ ബെനഫിറ്റ് ഫണ്ടിൽ അടക്കാനും ഉത്തരവിട്ടു. വിധിയുടെ കോപ്പി കിട്ടി ഒരു മാസത്തിനകം തുക നൽകണമെന്നും അല്ലാത്തപക്ഷം ഹരജി തീയതി മുതൽ ഒമ്പതു ശതമാനം പലിശ നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ കമീഷൻ ഉത്തരവിൽ പറഞ്ഞു.