ടിപി വധക്കേസ് ഒന്നാം പ്രതി എം.സി.അനൂപിന്റെ സെല്ലിനരികെ ഫോണും കഞ്ചാവും

news image
Jan 23, 2023, 3:08 am GMT+0000 payyolionline.in

തൃശൂർ ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ഒന്നാം പ്രതി എം.സി.അനൂപിന്റെ സെല്ലിനരികിൽനിന്നു മൊബൈൽ ഫോണും കഞ്ചാവും പിടികൂടി. വിയ്യൂർ സെൻട്രൽ ജയിലിൽ കുഴപ്പക്കാരായ തടവുകാരെ പാർപ്പിക്ക‍ുന്ന എച്ച് ബ്ലോക്കിൽ അനൂപിന്റെ സെല്ലിനോടു ചേർന്നു പാർപ്പിച്ചിട്ടുള്ള ഗുണ്ടാനേതാവ് ആലപ്പുഴ സ്വദേശി രാകുലിന്റെ സെല്ലിൽ നിന്നാണു മൊബൈൽ ഫോണും ഒരു പൊതി കഞ്ചാവും പിടികൂടിയത്.

അനൂപ് ഉപയോഗിച്ചിരുന്ന ഫോൺ രാകുലിന്റെ സെല്ലിൽ ഒളിപ്പിക്കുകയായിരുന്നെന്ന സംശയത്തിൽ വിശദ അന്വേഷണത്തിനായി പൊലീസിനു കൈമാറി.

ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണു വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നു മൊബൈൽ ഫോണുകളും കഞ്ചാവും പിടിക്കുന്നത്. ഒരാഴ്ച മുൻപു ഗുണ്ടാസംഘങ്ങൾ കഞ്ചാവു ലഹരിയിൽ ജയിലിനകത്ത് ഏറ്റ‍ുമുട്ടിയിരുന്നു. ഇവരുടെ സെല്ലുകൾ പരിശോധിച്ചപ്പോൾ 2 മൊബൈൽ ഫോണുകളും ഒരു പൊതി കഞ്ചാവും കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അന‍ൂപിന്റെ സെല്ലിനരികിൽ നിന്നു മൊബൈലും കഞ്ചാവും കണ്ടെടുത്തത്. മറ്റു തടവുകാരെ ആക്രമിക്കാൻ സാധ്യതയുള്ളവരടക്കം കൊടുംക്രിമിനലുകളെ എച്ച് ബ്ലോക്കിനുള്ളിലാണു പാർപ്പിക്കുക. ഇവിടെ കഞ്ചാവു വിൽപനയും ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചിരുന്നു.

സെല്ലുകൾ പരിശോധിച്ചപ്പോൾ രാകുലിന്റെ സെല്ലിൽ പുതപ്പിനടിയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവും ഫോണും പിടികൂടി. ജയിലിലെ ചില ജീവനക്കാരുടെ സഹായത്തോടെ ഈ ബ്ലോക്കിലേക്ക് കഞ്ചാവും ചാർജ് ചെയ്ത ഫോൺ ബാറ്ററികളും സുലഭമായി എത്തുന്നുവെന്നു സൂചനയുണ്ട്. അനൂപിന്റെ ഉന്നത രാഷ്ട്രീയ സ്വാധീനം ഭയന്നു ജയിൽ അധികൃതർ പരിശോധനയ്ക്കു മടിക്കുകയും ചെയ്യുന്നു. അനൂപിന്റെ കൂട്ടാളിയും ടിപി കേസ‍ിലെ മറ്റൊരു പ്രതിയുമായ കിർമാണി മനോജ് അടുത്തിടെയാണ് പരോളിൽ വിയ്യൂരിൽനിന്നു പുറത്തുപോയത്. ഇതിനിടെ ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്കു സ്ഥലംമാറ്റി. പരോളിൽ പുറത്തുവിടുന്ന ജയിലിലേക്കു തന്നെ പരോൾ കഴിഞ്ഞു മടങ്ങിയെത്തണമെന്നാണു ചട്ടം. എന്നാൽ, കിർമാണിക്കു നേരിട്ടു കണ്ണൂരിൽ എത്താൻ ഇളവനുവദിച്ചതും വകുപ്പുതല ചർച്ചയായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe