ടണൽ രക്ഷാദൗത്യത്തിൽ തിരിച്ചടി; ഓഗർ മെഷീൻ പ്രവർത്തനം നിർത്തി വെച്ചു, ദൗത്യം ഇനിയും വൈകും

news image
Nov 24, 2023, 3:17 pm GMT+0000 payyolionline.in

ദില്ലി: ഉത്തരാഖണ്ഡിലെ സിൽകാര ടണൽ രക്ഷാദൗത്യത്തിൽ വീണ്ടും തിരിച്ചടി. കോൺക്രീറ്റ് കൂനകൾക്കിടയിൽ നിരവധി ഇരുമ്പ് കമ്പികളും സ്റ്റീൽ പാളികളും കണ്ടതിനെ തുടർന്ന് ഓഗർ മെഷീൻ പ്രവർത്തനം നിർത്തി വെക്കുകയായിരുന്നു. മെഷീൻ പ്രവർത്തനം നിർത്തിവെട്ടതോടെ രക്ഷാ ദൗത്യം ഇനിയും വൈകുമെന്നാണ് റിപ്പോർട്ട്.

ഇതുവരെ 50 മീറ്ററോളം ദൂരമാണ് തുരക്കാനായത്. പൈപ്പിലൂടെ ആളുകളെ കയറ്റി കമ്പികളും സ്റ്റീൽ പാളിയും മുറിച്ച് നീക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കമ്പിയും സ്റ്റീലും മുറിച്ച് നീക്കിയ ശേഷം മാത്രമേ തുരക്കൽ തുടങ്ങൂ. രക്ഷാദൗത്യം പൂർത്തിയായാൽ തൊഴിലാളികളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാനുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

\

ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരെ ഋഷികേശിലേക്ക് എയർ ലിഫ്റ്റ് ചെയ്യും. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉത്തരകാശിയിൽ ക്യാമ്പ് ചെയ്യുകയാണ്. 41 തൊഴിലാളികൾ ടണലിൽ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് ഇത് പതിമൂന്നാം ദിവസമാണ്. ബുധനാഴ്ച രാത്രി ദൗത്യം വിജയത്തിനരികെ എത്താറായപ്പോൾ‌ സ്റ്റീൽ റോഡിൽ ഡ്രില്ലർ ഇടിച്ചുനിന്നതിനെ തുടർന്ന് ഓഗർ മെഷീന്റെ ബ്ലേഡ് തകരാറിലായിരുന്നു. ഇതേതുടർന്ന് ദൗത്യം വീണ്ടും മണിക്കൂറുകൾ വൈകുകയായിരുന്നു. തടസ്സമുള്ള ഇരുമ്പുഭാഗം എൻഡിആർഎഫ് മുറിച്ചു നീക്കിയാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. എന്നാൽ ഓ​ഗർ മെഷീൻ പ്രവർത്തനം നിർത്തിവെച്ചതോടെ ദൗത്യം ഇനിയും നീളും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe