കണ്ണൂർ: താൻ നവീന്‍റെ കുടുംബത്തോടൊപ്പമാണെന്നും ആഗ്രഹിക്കുന്ന നീതി അവർക്ക് ലഭിക്കണമെന്നും നവീൻ ബാബുവിന്‍റെ മരണത്തിൽ ജാമ്യത്തിലിറങ്ങിയ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി. ദിവ്യ. കേസിലെ എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും ദിവ്യ പറഞ്ഞു.
ദിവ്യയുടെ വാക്കുകൾ:
ഞാൻ ആ കുടുംബത്തിന്‍റെ കൂടെ തന്നെയാണ്. കാരണം, അവരുടെ ആവശ്യം എന്താണോ അതുതന്നെയാണ് എന്‍റെയും ആവശ്യം. ഈ കേസിലെ എല്ലാ സത്യങ്ങളും പുറത്തുവരണം. അതിന് എന്‍റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായവും ചെയ്യും. ഏത് രീതിയിൽ സഹകരിക്കണമെങ്കിലും സഹകരിക്കും. നിയമപോരാട്ടത്തിലാണ് ഞാൻ ഉള്ളത്. നവീന്‍റെ കുടുംബത്തോടൊപ്പമാണ് ഞാനുള്ളത്. ആ കുടുംബം ആഗ്രഹിക്കുന്ന നീതി അവർക്ക് ലഭിക്കണം.
തീവ്രവാദികളെ കൊണ്ടുപോകുന്ന പോലെ ലൈവാണ് മാധ്യമങ്ങൾ നൽകിയത്. വലിയ കൊലയാളിയെ കൊണ്ടുപോകുന്ന പോലെയാണ് എന്നെ കൊണ്ടുപോയത്. ഒരായിരം ആത്മഹത്യ ചെയ്യേണ്ട കാര്യങ്ങൾ എന്നെ സംബന്ധിച്ച് ഉണ്ടായി. എനിക്ക് ഒരു സത്യമുണ്ട് എന്നുള്ളത് കൊണ്ടാണ് അതെല്ലാം അതിജീവിച്ച് ഞാൻ നിൽക്കുന്നത്.
എന്നെ സ്നേഹിക്കുന്ന, വിശ്വസിക്കുന്ന പലരും തെറ്റിദ്ധരിക്കപ്പെട്ടു. അവർക്ക് മുമ്പിലാണ് എന്‍റെ നിരപരാധിത്വം തെളിയിക്കേണ്ടത്. സാധാരണ പാർട്ടി പ്രവർത്തകയായി എന്‍റെ പാർട്ടിയോടൊപ്പം നിന്ന് മുന്നോട്ടുപോകും -ദിവ്യ പറഞ്ഞു.