‘ഞങ്ങള്‍ ഫെസിലിറ്റേറ്റര്‍ മാത്രം’: ഇപി ജയരാജന്‍റെ ആത്മകഥ വിവാദത്തിൽ പ്രതികരണവുമായി രവി ഡിസി

news image
Nov 14, 2024, 12:42 pm GMT+0000 payyolionline.in

ഷാര്‍ജ: ഇപി ജയരാജന്‍റെ ആത്മകഥ വിവാദത്തിൽ പ്രതികരിച്ച് രവി ഡിസി. പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിൽ നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും ഞങ്ങള്‍ (ഡിസി ബുക്സ്) ഫെസിലിറ്റേറ്റര്‍ മാത്രമാണെന്നും രവി ഡിസി പറഞ്ഞു. പുസ്തക വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് ചോദ്യങ്ങളോട് ഷാര്‍ജ ബുക്ക് ഫെസ്റ്റിവലിൽ പ്രതികരിക്കുകയായിരുന്നു രവി ഡിസി.

ഇപി ജയരാജന്‍റെ പുസ്തകവുമായി ബന്ധപ്പെട്ടുള്ള ഡിസി ബുക്സിന്‍റെ നിലപാട് നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിൽ പറഞ്ഞതാണ്. അതിൽ കൂടുതലൊന്നും പറയാനില്ല. പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുന്നുണ്ടെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും രവി ഡിസി പറഞ്ഞു. കൂടുതൽ ചോദ്യങ്ങളോടും രവി ഡിസി പ്രതികരിക്കാൻ തയ്യാറായില്ല. വിവാദത്തിൽ സോഷ്യൽ മീഡിയയിലൂടെ ഡിസി ബുക്സ് വിശദീകരണം നൽകിയശേഷം ആദ്യമായാണ് ഡിസി രവി മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

ഇപി ജയരാജന്‍റെ വാദങ്ങള്‍ തള്ളാതെയായിരുന്നു പൊതുരംഗത്തുള്ളവരെ ബഹുമാനിക്കുന്നതിനാല്‍ തന്നെ കൂടുതൽ പ്രതികരിക്കാനില്ലെന്ന് പറഞ്ഞുകൊണ്ട് രവി ഡിസി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്.വിവാദത്തിൽ ഡിസി ബുക്സിനെതിരെ ഇപി ജയരാജൻ വക്കീൽ നോട്ടീസ് ഉള്‍പ്പെടെ അയച്ചിട്ടും അതിനെതിരെ പ്രതികരിക്കാനോ മറ്റു തെളിവുകള്‍ പുറത്തുവിടാനോ ഡിസി ബുക്സ് തയ്യാറായിട്ടില്ല.

ഇപിയുമായി വിഷയത്തിൽ ഏറ്റുമുട്ടലിനില്ലെന്ന സൂചനയാണ് ഇതിലൂടെ നൽകുന്നത്. മാധ്യമങ്ങളിൽ വന്ന പിഡിഎഫ് പകര്‍പ്പ് തന്‍റെ ആത്മകഥയല്ലെന്നും ഡിസി ബുക്സ് അത് പുറത്തുവിട്ടതാണെന്നുമുള്ള ഗുരുതര ആക്ഷേപം ഇപി ജയരാജൻ ഉന്നയിക്കുന്നതിനിടെയും ഇക്കാര്യം തള്ളിപ്പറയാൻ ഡിസി രവി തയ്യാറായിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe