കോഴിക്കോട്: 2006-2011 കാലത്ത് താൻ ഫറോക്കിൽ ഡി.ടി.പി സെന്റർ നടത്തിയിരുന്നെന്നും അക്കാലത്ത് ജോളി തന്നെ സമീപിച്ച് രണ്ടു തവണ ഒസ്യത്തുകൾ ടൈപ്പ് ചെയ്യിപ്പിച്ച് പ്രിന്റെടുത്തിരുന്നെന്നും കൂടത്തായ് കൂട്ടക്കൊലയിൽപെട്ട റോയ് തോമസ് വധക്കേസിലെ 151ാം സാക്ഷിപയ്യാനക്കൽ സ്വദേശി ടി. ബൈജു മാറാട് പ്രത്യേക കോടതി ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ മൊഴി നൽകി.
ആദ്യം വന്നപ്പോൾ തീയതി ചേർക്കാതെയും പിന്നീട് തീയതി ചേർത്തും ഒസ്യത്ത് ടൈപ്പ് ചെയ്യിപ്പിച്ചു. രണ്ടാം തവണ ടൈപ്പ് ചെയ്യാൻ വന്നപ്പോൾ ടോം തോമസ് കൂടെ വന്നിരുന്നില്ലെന്നും ജോളിയുടെ അഭിഭാഷകൻ ഹിജാസ് അഹമ്മദിന്റെ എതിർവിസ്താരത്തിൽ ബൈജു മൊഴി നൽകി.
കേസന്വേഷണത്തിനിടെ രഞ്ജി തോമസ്, ഷാജു സക്കറിയ എന്നിവർ ഹാജരാക്കിക്കൊടുത്ത രേഖകളും കല്ലറകൾ തുറന്നു ശേഖരിച്ച റോയ് തോമസിന്റെ ശരീരാവശിഷ്ടങ്ങളുടെ സാമ്പിളുകളും ഡിവൈ.എസ്.പി ബന്തവസ്സിൽ എടുക്കുന്നതിന് തയാറാക്കിയ മഹസറുകളിൽ താൻ സാക്ഷിയായി ഒപ്പിട്ടിരുന്നതായി 159ാം സാക്ഷി ചോമ്പാല എ.എസ്.ഐ പ്രമോദും മൊഴി നൽകി.