കടയ്ക്കൽ: കൊല്ലം കടയ്ക്കലിന് സമീപം ചുണ്ട ഫില്ല്ഗിരിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ 25 പവൻ സ്വർണാഭരണങ്ങൾ കവർന്നു. ചുണ്ട അയനിവിളയിലുളള സലീനയുടെ വീട്ടിലാണ് വൻ കവർച്ച നടന്നത്. വീട്ടുകാർ പുറത്തുപോയ സമയം നോക്കിയാണ് മോഷ്ടാക്കൾ കൃത്യം നിർവഹിച്ചത്. ജോലിക്ക് പോയിരുന്ന സലീന വൈകുന്നേരം തിരികെ വീട്ടിലെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്.
വീടിന്റെ പിൻഭാഗത്തെ ഗ്രിൽ തകർത്ത് കതക് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. മുറിക്കുള്ളിലെ അലമാരകൾ കുത്തിത്തുറന്ന നിലയിലായിരുന്നു. സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലും. മോഷണത്തിന്റെ ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ വീടിനുള്ളിലെ സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ളവ മോഷ്ടാക്കൾ അപഹരിച്ചു.
സലീന വിവരം അറിയിച്ചതിനെത്തുടർന്ന് കടയ്ക്കൽ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് പൊലീസിന് ചില നിർണ്ണായക സൂചനകൾ ലഭിച്ചതായാണ് വിവരം. സമീപപ്രദേശങ്ങളിലെ മറ്റ് സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
