കൊച്ചി: ത്രൈമാസ നികുതിയിൽ 50% ഇളവ് മാത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള ബജറ്റ് പ്രഖ്യാപനത്തിൽ സർക്കാരിനെതിരെ വിമർശനവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. 50 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ചാലും 106.50 മുതൽ 142.50 രൂപ മാത്രമാണ് നിത്യേനയുള്ള ചെലവിൽ നിന്നും കുറയുന്നത്. സർക്കാരിന്റേത് വലിയ പ്രഖ്യാപനം ആയിരിക്കാം. എന്നാൽ തങ്ങൾക്ക് വലിയ നേട്ടമല്ലെന്നും സ്വകാര്യ ബസ് ഉടമകൾ പറയുന്നു. കെഎസ്ആർടിസി പ്രിയദർശിനി സർവീസ് കാരണം 1,000 മുതൽ 6,000 രൂപയുടെ നഷ്ടം വരെ ഒരുദിവസം തങ്ങൾക്കുണ്ടെന്നും ജൂൺ 30ഓടെ നിരവധി ബസുകളുടെ സർവ്വീസ് നിർത്താനുള്ള ആലോചനയിലാണെന്നും ബസ് ഉടമകൾ പറയുന്നു.
പ്രതീക്ഷിച്ച പാക്കേജ് സർക്കാർ നൽകിയില്ല. സ്വകാര്യബസുകളിലും സ്ത്രീകൾക്ക് സൗജന്യം നൽകാം. എന്നാൽ കെഎസ്ആർടിസിക്ക് നൽകുന്ന പോലെ സർക്കാർ തുക നൽകിയാൽ മതി. പലതവണ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് ആശങ്കകൾ അറിയിച്ചതാണ്. പക്ഷെ പരിഗണിച്ചില്ലെന്നും ബസ് ഉടമകൾ പറയുന്നു. കെഎസ്ആർടിസി ഇല്ലാത്ത റൂട്ടിൽ മാത്രമേ പിടിച്ച് നിൽക്കാൻ സാധിക്കൂ. സംസ്ഥാനത്ത് സ്വകാര്യ ബസ് മേഖല ഉടൻ തകരുമെന്നും ബസ് ഉടമകൾ ആശങ്ക പ്രകടിപ്പിച്ചു.
ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ സർക്കാർ തയ്യാറാവുന്നില്ല, വിദ്യാർത്ഥി കൺസെൻഷൻ പിൻവലിക്കുന്നില്ല, ഡീസൽ സബ്സിഡി പ്രഖ്യാപിക്കുന്നില്ല, സർക്കാർ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ തയ്യാറല്ല. സർക്കാർ ഇരട്ടതാപ്പ് അവസാനിപ്പിക്കണം. സ്വകാര്യ ബസ് മേഖലയില്ലാതാവുകയാണ്. അത് കൊണ്ട് സമര പ്രഖ്യാപനത്തിന് ഇല്ലെന്നും ബസ് ഉടമകൾ വ്യക്തമാക്കി.
