ജൂലിയസ് നികിതാസിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കണം: ബിജെപി

news image
Feb 6, 2024, 8:48 am GMT+0000 payyolionline.in

കോഴിക്കോട്∙ ഗോവ ഗവർണറുടെ വാഹന വ്യൂഹത്തിലേക്ക് കാറോടിച്ച് കയറ്റിയ ജൂലിയസ് നികിതാസിനെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി വി.കെ.സജീവൻ. സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനാണെന്ന് അറിഞ്ഞതോടെ  ട്രാഫിക് നിയമ ലംഘനത്തിന് 1,000 രൂപ പിഴ ചുമത്തി  പൊലീസ് വിട്ടയയ്ക്കുകയായിരുന്നു എന്നും സജീവൻ ആരോപിച്ചു.

‘‘ഗോവ രാജ്ഭവൻ ചീഫ്സെക്രട്ടറിയോടു വിശദീകരണം തേടുമെന്നാണ് എന്റെ അറിവ്. ഈ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാടു പറയണം. അറിയാതെ സംഭവിച്ച പിഴവല്ല ജൂലിയസ് നികിതാസിന്റേതെന്ന് വ്യക്തമാണ്. പൊലീസ് മാറാൻ ആവശ്യപ്പെട്ടിട്ടും നികിതാസ് വാഹനം മുന്നോട്ടെടുത്ത് ഗവർണറുടെ സുരക്ഷാ വ്യൂഹത്തിലേക്കു പ്രവേശിക്കുകയായിരുന്നു. ഇതു ഗുരുതരമായ സുരക്ഷാ പിഴവാണ്. ജൂലിയസ് നികിതാസിനെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുക്കണം.’’– സജീവൻ പറഞ്ഞു.

ഞായറാഴ്ച രാത്രി 7.50ന് മാറാട് സ്വകാര്യ ചടങ്ങു കഴിഞ്ഞു ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള കോഴിക്കോട്ടെ വസതിയിലേക്കു വരുമ്പോൾ മാവൂർ റോഡിലായിരുന്നു സംഭവം. ജില്ലയിലെ സിപിഎം നേതാവിന്റെ മകൻ ജൂലിയസ് നികിതാസാണ് വാഹന വ്യൂഹത്തിനിടയിലേക്ക് കാറോടിച്ച് കയറിയത്.

മാവൂർ റോഡ് പുതിയ ബസ് സ്റ്റാൻഡിനു സമീപം അഴകൊടി ക്ഷേത്രം റോഡിലേക്കുള്ള ജംക്‌ഷനിലാണ് സംഭവം. ഗവർണറുടെ വാഹനം കടന്നു പോയ ഉടനെ അതിനു പിന്നിലേക്കാണ് കാർ കയറിയത്. ഉടനെ പൊലീസ് സുരക്ഷാ വാഹനം നിർത്തി പൊലീസുകാർ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനു നേരെ ആക്രോശിച്ചു. പൊലീസിനോട് യുവാവും കയർത്തു. കാർ പിറകോട്ട് എടുക്കാൻ വിസമ്മതിച്ച യുവാവ് വീണ്ടും യാത്ര തുടരാൻ ശ്രമിച്ചു.

ഇതോടെ യുവാവിനെ കസ്റ്റഡിയിലെടുക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിനോടു ആവശ്യപ്പെട്ടു. തുടർന്നു കാർ പിറകിലേക്കു മാറ്റിയാണ് ഗവർണറുടെ ഉദ്യോഗസ്ഥരും സുരക്ഷാ വിഭാഗവും കടന്നു പോയത്. സുരക്ഷാ വാഹന വ്യൂഹത്തിനിടെ സുരക്ഷ മറികടന്നു സ്വകാര്യ കാർ കയറിയ സംഭവം അന്വേഷിക്കുമെന്നു ഗോവ രാജ്ഭവൻ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe