ന്യൂഡൽഹി: ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹി വിമാനത്താവളത്തിലെ 160 ആഭ്യന്തര സർവീസുകൾ റദ്ദാക്കും. സെപ്റ്റംബർ 8 മുതൽ 10 വരെ ഡൽഹിയിൽനിന്ന് പുറപ്പെടേണ്ട 80 വിമാനങ്ങളും, ഇവിടേക്ക് എത്തിച്ചേരേണ്ട 80 വിമാനങ്ങളും റദ്ദാക്കാൻ വിവിധ എയർലൈൻ കമ്പനികൾ അഭ്യർഥിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഉച്ചകോടിയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
അതേസമയം, റദ്ദാക്കുന്ന 160 വിമാനങ്ങൾ, ഡല്‍ഹി വിമാനത്താവളത്തിലെ സാധാരണ സർവീസുകളുടെ 6 ശതമാനം മാത്രമേ വരികയുള്ളൂവെന്ന് അധികൃതർ പറഞ്ഞു. വിമാനത്താവളത്തിൽ പാർക്കിങ്ങിന്റെ പ്രശ്നമില്ലെന്നും രാജ്യാന്തര വിമാന സർവീസുകളെ ഉച്ചകോടി ബാധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ജി20 രാജ്യങ്ങളുടെ സമ്മേളനത്തിനു മുന്നോടിയായി രാജ്യ തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കുന്നത്. നേരത്തെ, സമ്മേളന ദിവസങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്നും വിമാനത്താവളത്തിൽ എത്തേണ്ടവർ ഡൽഹി മെട്രോയുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും പൊലീസ് അറിയിച്ചിരുന്നു. ഡൽഹിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം സേനാവിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 9, 10 തീയതികളിലാണ് ഡൽഹിയിൽ ജി20 ഉച്ചകോടി നടക്കുന്നത്.