ന്യൂഡൽഹി : ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ 207 ട്രെയിനുകൾ റദ്ദാക്കി നോർത്തേൺ റെയിൽവേ. സെപ്തംബർ 9 മുതൽ 11 വരെയാണ് ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. പതിനഞ്ചോളം ട്രെയിനുകളുടെ റൂട്ടിൽ മാറ്റം വരുത്തിയതായും ആറ് ട്രെയിനുകൾ വഴി തിരിച്ചുവിടുന്നതായും റെയിൽവേ അറിയിച്ചു. ജമ്മു താവി- ന്യൂഡൽഹി രാജധാനി എക്സ്പ്രസ്, തേജസ് രാജധാനി ഹസ്രത്ത് നിസാമുദ്ദീൻ, വാരണാസി – ന്യൂഡൽഹി തേജസ് രാജധാനി എന്നിവയുൾപ്പെടെ 70 ട്രെയിനുകൾക്ക് അധികമായി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ന്യൂഡൽഹിയിൽ യാത്ര അവസാനിപ്പിക്കേണ്ട 36 ട്രെയിനുകൾ ഗാസിയാബാദ്, നിസാമുദീൻ സ്റ്റേഷനുകളിൽ യാത്ര അവസാനിപ്പിക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി. സെപ്റ്റംബർ 10ന് 100 പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയത്. ഇവയിൽ ഭൂരിഭാഗവും ഡൽഹിയിൽ നിന്ന് തെക്കൻ ഹരിയാനയുടെ സോണിപത്-പാനിപത്, റോഹ്തക്, റെവാരി, പൽവാൾ റൂട്ടുകളിലാണ് ഓടുന്നത്. ഇതിന് പുറമെ, സെപ്റ്റംബർ 11ന് ഡൽഹി-രെവാറി എക്സ്പ്രസ് സ്പെഷ്യലും രെവാരി-ഡൽഹി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
സിർസ തിലക് ബ്രിഡ്ജ് എക്സ്പ്രസ് 9 മുതൽ 11 വരെയും ബറേലി ജങ്ഷൻ- ന്യൂഡൽഹി ഇന്റർസിറ്റി എക്സ്പ്രസ്, ന്യൂഡൽഹി – റോഹ്തക് ജങ്ഷൻ ഇന്റർസിറ്റി എക്സ്പ്രസ് എന്നിവ 8 മുതൽ 10 വരെയും റദ്ദാക്കി. ന്യൂഡൽഹി – വീരാംഗന ലക്ഷ്മിബായ് താജ് എക്സ്പ്രസ്, ന്യൂഡൽഹി – ലോഹ്യാൻ ഖാസ് ജങ്ഷൻ സർബത് എക്സ്പ്രസ്, ഭീവാനി- തിലക് ബ്രിഡ്ജ് എക്സ്പ്രസ്, ഗംഗാനഗർ – തിലക് ബ്രിഡ്ജ് എക്സ്പ്രസ്, ഡൽഹി – ഹരിദ്വാർ സ്പെഷ്യൽ എക്സ്പ്രസ്, ജലന്ധർ സിറ്റി ജങ്ഷൻ – ന്യൂഡൽഹി എക്സ്പ്രസ് എന്നിവയും റദ്ദാക്കിയ ട്രെയിനുകളിൽ ഉൾപ്പെടുന്നു.
ഡൽഹി പ്രഗതി മൈതാനിലാണ് 9,10 തിയതികളിൽ ഉച്ചകോടി നടക്കുന്നത്. ഉച്ചകോടി നടക്കുന്നത് കണക്കിലെടുത്ത് സെപ്റ്റംബർ എട്ട് മുതൽ 10 വരെ ഡൽഹിയിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സർക്കാർ, മുനിസിപ്പൽ കോർപ്പറേഷൻ, സ്വകാര്യ ഓഫീസുകളും സ്കൂളുകളും അടച്ചിടും. ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളും കടകളും ഈ മൂന്ന് ദിവസങ്ങളിൽ പ്രവർത്തിക്കില്ല.
യാത്രക്കാർ ട്രെയിനുകളുടെ വിവരങ്ങളും സമയവും കൃത്യമായി പരിശോധിച്ച് യാത്ര ചെയ്യണമെന്ന് നോർത്തേൺ റെയിൽവെ എക്സ് പ്ലാറ്റ്ഫോമിലൂടെ( ട്വിറ്റർ) അറിയിച്ചു. റദ്ദാക്കിയതും വഴി തിരിച്ചുവിട്ടതുമായ മുഴുവൻ ട്രെയിനുകളുടെ ലിസ്റ്റും റെയിൽവേ പ്രസിദ്ധീകരിച്ചിട്ടുണ്ട്.