തിരുവനന്തപുരം: ജാമ്യവ്യവസ്ഥ ലംഘിച്ചു തുര്‍ക്കിക്കു പോയ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിനെതിരെ അറസ്റ്റ് വാറന്റ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.എം.സുജയാണു വാറന്റ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ടു പ്രതിപക്ഷ യുവജന സംഘടനകള്‍ നിയമസഭയിലേക്കു നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണു ഫിറോസ്.
ജാമ്യം അനുവദിച്ച സമയം, കോടതി ഉത്തരവില്‍ പറഞ്ഞ പാസ്പോര്‍ട്ട് സറണ്ടര്‍ എന്ന ജാമ്യവ്യവസ്ഥ ലംഘിച്ചതിനാലാണ് അറസ്റ്റ് വാറന്റ്. പി.കെ.ഫിറോസ് കോടതി ഉത്തരവ് ലംഘിച്ചു വിദേശത്തു പോയതായി പൊലീസാണു കോടതിയെ അറിയിച്ചത്. തുടര്‍ന്നു ഫിറോസ് തുര്‍ക്കിയിലാണെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ചതോടെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അടക്കം 37 പ്രതികളാണു കേസിലുള്ളത്.