ജാതി സെൻസസ് നടത്തേണ്ടത് സംസ്ഥാനമല്ല, കേന്ദ്രം: സുപ്രീം കോടതിയിൽ നിലപാടറിയിച്ച് കേരളം

news image
Jan 29, 2024, 10:07 am GMT+0000 payyolionline.in

ദില്ലി: ജാതി സെൻസസ് നടത്തേണ്ടത് സംസ്ഥാനമല്ല, മറിച്ച് കേന്ദ്രസർക്കാരാണെന്ന് കേരളം സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചു. സംവരണത്തിന് ആർഹരായ പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന കോടതിയലക്ഷ്യ ഹർജിയിലാണ് സത്യവാങ്മൂലം. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നാണ് വാദം.

 

കേരളത്തിലെ സാമൂഹിക, സാമ്പത്തിക സ്ഥിതി സംബന്ധിച്ച് 2011-ലെ സെന്‍സസിന്റെ ഭാഗമായി കേന്ദ്രം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കേന്ദ്രം ഡാറ്റ ശേഖരിച്ച സാഹചര്യത്തില്‍ പ്രത്യേകമായി സര്‍വേ നടത്തേണ്ട എന്നായിരുന്നു കേരളത്തിന്റെ നിലപാട്. സംസ്ഥാന ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

 

സംസ്ഥാനങ്ങളില്‍ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവരെ പ്രഖ്യാപിക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണെന്ന് സംസ്ഥാനം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്. ഇത് സുപ്രീംകോടതി ശരിവച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് നല്‍കിയ കോടതി അലക്ഷ്യഹര്‍ജിയിലാണ്  സത്യവാങ്മൂലം. സംവരണപ്പട്ടിക പരിഷ്‌കരിക്കാനുള്ള സാമൂഹിക സാമ്പത്തിക സര്‍വേ പൂര്‍ത്തിയാക്കാന്‍ അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് സംഘടനയുടെ പരാതി. ഇതിന് നല്‍കിയ മറുപടിയിലാണ് പ്രത്യേക ജാതി സര്‍വേ സംസ്ഥാനം നടത്താത്തത് സംബന്ധിച്ച് ചീഫ് സെക്രട്ടറി വിശദീകരണം നല്‍കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe