അങ്കമാലി: അങ്കമാലിയിൽ കോളേജ് വിദ്യാർത്ഥിനി ജസ്ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പ്രതിയായ ഡോ. സിറിയകിനെ പോലീസ് പിടികൂടി. വാഗമണ്ണിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പ്രത്യേക അന്വേഷണസംഘമാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അതിരമ്പുഴ സ്വദേശി ജോർജ് തോമസിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അപകടത്തിന് പിന്നാലെ ഒളിവിൽ പോയ സിറിയക് കോട്ടയം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇതിനെതിരെ ശക്തമായ റിപ്പോർട്ട് നൽകാൻ അന്വേഷണസംഘം തയ്യാറെടുക്കുന്നതിനിടെയാണ് നാടകീയമായി ഇയാൾ പിടിയിലാകുന്നത്.
കഴിഞ്ഞ ഫെബ്രുവരി 28-നാണ് അങ്കമാലി മോർണിങ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായ ജസ്ലിയയെ സിറിയക് ഓടിച്ച കാർ ഇടിച്ചുതെറിപ്പിച്ചത്. പാർട്ട് ടൈം ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജസ്ലിയയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചു. തുടർന്ന് ജസ്ലിയയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. എടവനക്കാട് സ്വദേശിനിയായ ജസ്ലിയ സ്പോർട്സിലും പഠനത്തിലും ഒരുപോലെ മികവ് പുലർത്തിയിരുന്നു. പഠനച്ചെലവിനായി അങ്കമാലിയിലെ പിസ വിൽപന ശാലയിൽ പാർട്ട് ടൈം ജോലി ചെയ്തുവരികയായിരുന്നു.
