ജല്ലിക്കെട്ട് കാളയ്ക്കു പൂവൻകോഴിയെ തിന്നാൻ കൊടുക്കുന്ന വിഡിയോ പുറത്തുവിട്ട യുട്യൂബർക്കെതിരെ കേസെടുത്ത് പൊലീസ്

news image
Jan 18, 2024, 4:40 pm GMT+0000 payyolionline.in

ചെന്നൈ: തമിഴകത്തിന്റെ വീരവിളയാട്ടായ ജല്ലിക്കെട്ട് കാളയ്ക്കു പൂവൻകോഴിയെ ജീവനോടെ തിന്നാൻ കൊടുക്കുന്ന വിഡിയോ വിവാദമാകുന്നു. വിഡിയോ പുറത്തുവിട്ട യുട്യൂബർക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു. സേലം ജില്ലയിലെ ചിന്നപ്പട്ടിയിലാണു ക്രൂരമായ സംഭവം.

പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായുള്ള ജല്ലിക്കെട്ടിന്റെ പ്രധാന മത്സരങ്ങൾ മധുര അളങ്കാനല്ലൂരിൽ സമാപിച്ചതിനു പിന്നാലെയാണു വിഡിയോ ചർച്ചയായത്. മൂന്നു പേർ ചേർന്നു കാളയെ പിടിച്ചുനിൽക്കുന്നതാണു ദൃശ്യങ്ങളിൽ. ഒരാൾ ആദ്യം മാംസം കാളയ്ക്കു കൊടുക്കുന്നുണ്ട്. പിന്നാലെ, കാളക്കൂറ്റന്റെ വായിലേക്കു പൂവൻകോഴിയെ ജീവനോടെ ബലമായി തിരുകി വയ്ക്കുന്നതും കാണാം. യുട്യൂബർ രാഗുവിന്റെ അക്കൗണ്ടുകളിലാണു ദൃശ്യങ്ങൾ പങ്കുവച്ചത്.

ജല്ലിക്കെട്ടിൽ കാളയുടെ വിജയത്തിനു വേണ്ടിയാണു പൂവൻകോഴിയെ തീറ്റിച്ചതെന്നാണു കരുതുന്നത്. പീപ്പിൾ ഫോർ ക്യാറ്റിൽ എയിം ഇന്ത്യ (പിഎഫ്സിഇ) ഫൗണ്ടർ അരുൺ പ്രസന്നയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഈ കാള മത്സരത്തിൽ ജയിച്ചാൽ മറ്റു കാളകളുടെ ഉടമകളും ഇതേ രീതി പിന്തുടരാൻ സാധ്യതയുണ്ടെന്നതാണു തന്റെ ഭയമെന്നു പരാതിക്കാരനായ അരുൺ വ്യക്തമാക്കി.

അളങ്കാനല്ലൂരിൽ 10 റൗണ്ടുകളിലായി നടന്ന മത്സരത്തിൽ 810 കാളകൾ പോർക്കളത്തിലെത്തി. 18 കാളകളെ പിടിച്ചടക്കി ഒന്നാം സ്ഥാനം നേടിയ കറുപ്പയൂരണി സ്വദേശി കാർത്തിക്കിന് (18) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സമ്മാനമായ കാർ നൽകി. 17 കാളകളെ അടക്കിയ ചിന്നപ്പട്ടി സ്വദേശി അഭിസിദ്ധർക്ക് (17) സമ്മാനമായി ബൈക്ക് ലഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe