ജലമോഷണം അറിയിക്കുന്നവർക്ക് പാരിതോഷികവുമായി വാട്ടർ അതോറിറ്റി

news image
Sep 15, 2023, 9:25 am GMT+0000 payyolionline.in

തിരുവനന്തപുരം > ജലമോഷണം അറിയിക്കുന്നവർക്ക് പാരിതോഷികം നൽകാൻ വാട്ടർ അതോറിറ്റി. ഫേസ്ബുക്ക് പേജിലൂടെയാണ് വാട്ടർ അതോറിറ്റി ഇക്കാര്യം പങ്കുവെച്ചത്. വാട്ടർ കണക്ഷനുകളിലെയും പൊതുടാപ്പുകളിലെയും ജല ദുരുപയോഗവും ജലമോഷണവും യഥാസമയം ബന്ധപ്പെട്ട വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിക്കുന്ന പൊതുജനങ്ങൾക്ക്‌ പ്രോത്സാഹനമായി 5000 രൂപ വരെ പാരിതോഷികം നൽകാനാണ് അതോറിറ്റിയുടെ തീരുമാനം. ജലദുരുപയോഗത്തിനും മോഷണത്തിനും ചുമത്തുന്ന പിഴയുടെ 10 ശതമാനമാണിത്.

 

വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അതോറിറ്റി അറിയിച്ചു. വാട്ടർ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പർ ആയ 1916-ൽ വിളിച്ച് വുവരങ്ങൾ അറിയിക്കാവുന്നതാണ്‌. പാരിതോഷികങ്ങൾ നൽകുന്നത് ഉപാധികൾക്ക് അധിഷ്ഠിതമായിരിക്കുമെന്നും അതോറിറ്റി അറിയിച്ചു. കേരള വാട്ടർ അതോറിറ്റിയിലെ സ്ഥിര- താൽക്കാലിക ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പാരിതോഷികത്തിന് അർഹരല്ല. പിഴത്തുക അതോറിറ്റിക്കു ലഭ്യമാകുന്ന മുറയ്ക്കുമാത്രമേ പാരിതോഷികങ്ങൾ നൽകുകയുള്ളു.

കൃത്യമായ ലൊക്കേഷൻ നൽകുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളുവെന്നും കുറിപ്പിൽ പറയുന്നു. പൊതുജനങ്ങൾ ജലമോഷണം സംബന്ധിച്ച വീഡിയോ, ഫോട്ടോ എന്നിവ തെളിവായി അതത്‌ ഡിവിഷനിലെ എക്സിക്യൂട്ടിവ്‌ എൻജിനീയരുടെ മൊബൈൽ നമ്പറിലേക്കോ, 9495998258 എന്ന നമ്പറിലേക്കോ, [email protected] എന്ന ഇമെയിലിലേക്കോ അയയ്ക്കേണ്ടതാണ്‌.

ഫെയ്‌സ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

വാട്ടർ കണക്ഷനുകളിലെയും പൊതുടാപ്പുകളിലെയും ജല ദുരുപയോഗവും ജലമോഷണവും യഥാസമയം ബന്ധപ്പെട്ട വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിക്കുന്ന പൊതുജനങ്ങൾക്ക്‌ പ്രോത്സാഹനമായി പാരിതോഷികം നൽകാൻ കേരള വാട്ടർ അതോറിറ്റിയുടെ തീരുമാനം. ജലദുരുപയോഗത്തിനും മോഷണത്തിനും ചുമത്തുന്ന പിഴയുടെ 10% (പരമാവധി 5000 രൂപ) പാരിതോഷികമായി നൽകും. ഇത്തരം വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ അതോറിറ്റി രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. വിവരം വാട്ടർ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പർ ആയ 1916-ൽ വിളിച്ചറിയിക്കാവുന്നതാണ്‌.

ജലമോഷണം തടയുന്നതിന്റെ ഭാഗമായി നൽകുന്ന പാരിതോഷികങ്ങൾ ഉപാധികൾക്കധിഷ്ഠിതമായിരിക്കും കേരള വാട്ടർ അതോറിറ്റിയിലെ സ്ഥിര- താൽക്കാലിക (കുടുംബശ്രീ, എച്ച്‌.ആർ ഉൾപ്പടെ) ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പാരിതോഷികത്തിന് അർഹരല്ല. പിഴത്തുക അതോറിറ്റിക്കു ലഭ്യമാകുന്ന മുറയ്ക്കുമാത്രമേ പാരിതോഷികങ്ങൾ നൽകുകയുള്ളു. വീഡിയോ, ഫോട്ടോ എന്നിവ തെളിവായി അതത്‌ ഡിവിഷനിലെ എക്സിക്യൂട്ടിവ്‌ എൻജിനീയരുടെ മൊബൈൽ നമ്പറിലേക്കോ, 9495998258 എന്ന നമ്പറിലേക്കോ, [email protected] എന്ന ഇമെയിലിലേക്കോ അയയ്ക്കേണ്ടതാണ്‌. കൃത്യമായ ലൊക്കേഷൻ നൽകുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളു. 1916-ൽ കിട്ടുന്ന പരാതികൾ ഉടൻ തന്നെ എക്സിക്യൂട്ടിവ്‌ എൻജിനീയർക്കു കൈമാറും. എക്സിക്യൂട്ടിവ്‌ എൻജിനീയർമാർ പരാതി ലഭിച്ച് 24 മണിക്കൂറിനകം വിശദവിവരങ്ങൾ അതോറിറ്റിയിലെ റവന്യു മോണിട്ടറിങ് വിഭാ​ഗത്തെ ഇമെയിൽ മുഖേന അറിയിക്കണം.

കേരള വാട്ടർ അതോറിറ്റിയുടെ വാട്ടർ താരിഫ്‌ ലിറ്ററിന്‌ ഒരു പൈസ നിരക്കിൽ വർധിപ്പിച്ചതിനു ശേഷം  കുടിശ്ശികയുള്ള കണക്ഷനുകളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്.  കുടിശ്ശിക വരുത്തുന്ന വാട്ടർ കണക്ഷനുകളുടെ വിച്ഛേദന നടപടികൾ 2023 ഏപ്രിൽ ഒന്നു മുതൽ കർശനമാക്കിയിട്ടുണ്ടെങ്കിലും  വിച്ഛേദന നടപടികളെത്തുടർന്ന് ശുദ്ധജല ദുരുപയോഗവും ജലമോഷണവും കൂടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. ജലദൗർലഭ്യം അനുഭവപ്പെടുന്ന ഈ കാലഘട്ടത്തിൽ ജലദുരുപയോഗം തടയേണ്ടത്‌ പൊതുസമൂഹത്തിന്റെ കൂടെ കടമയാണെന്ന അവബോധം സൃഷ്ടിക്കുന്നതിനായാണ് ജലമോഷണം അറിയിക്കുന്നവർക്ക് പാരിതോഷികം ഏർപ്പെടുത്താൻ വാട്ടർ അതോറിറ്റി തീരുമാനിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe