ജയിലുകളിൽ ലഹരി എത്തിക്കുന്നത് മുൻ തടവുകാരെന്ന് റിപ്പോർട്ട്

news image
Sep 18, 2023, 7:04 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ ജയിലുകളിൽ   തടവുകാർക്ക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ  എത്തിക്കുന്നത് മുൻ തടവുകാരെന്നു ജയിൽ ഡിഐജിയുടെ റിപ്പോർട്ട്.  റോഡിനോടു ചേർന്നു പ്രവർത്തിക്കുന്ന ജില്ലാ– സബ് ജയിൽ വളപ്പിലേക്കു പുറത്തുനിന്നു ലഹരിവസ്തുക്കൾ എറി‍ഞ്ഞു കൊടുക്കാൻ പദ്ധതി തയാറാക്കുന്നത് മുൻ തടവുകാരാണെന്നും കണ്ടെത്തി.

ഈ സാഹചര്യത്തിൽ, ജയിലുകളിൽ കഴിയുന്ന തടവുകാരെ സന്ദർശിക്കുന്നതിന് മുൻ തടവുകാർക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തി. പ്രശ്നക്കാർ ആണെന്നു കണ്ടെത്തിയാൽ മുൻ തടവുകാർക്ക് തടവുകാരുമായി കൂടിക്കാഴ്ച അനുവദിക്കരുതെന്നു നിർദേശിച്ച് ജയിൽ ഡിഐജി (ഹെഡ്ക്വാർട്ടേഴ്സ്) എം.കെ.വിനോദ്കുമാർ സർക്കുലർ ഇറക്കി.

 

പൊതുതാൽപര്യത്തിന് എതിരാണെന്നോ മറ്റു മതിയായ കാരണങ്ങളോ ഉണ്ടെങ്കിൽ ജയിൽ ചട്ടങ്ങൾ പ്രകാരം തടവുകാരുമായുള്ള കൂടിക്കാഴ്ച ജയിൽ മേധാവികൾക്ക് നിരസിക്കാമെന്നും വെള്ളിയാഴ്ച അയച്ച സർക്കുലറിൽ പറയുന്നു.

ജയിലിനുള്ളിലേക്കു നിരോധിത വസ്തുക്കൾ പുറത്തുനിന്ന് എറിഞ്ഞു കൊടുക്കേണ്ട സമയം, സ്ഥലം എന്നീ വിവരങ്ങൾ മുൻ തടവുകാർ ജയിലിലെ തടവുകാർക്ക് കൈമാറുന്നതു പതിവാണെന്നും ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. തടവുകാർക്ക് ഫോൺ ചെയ്യാനുള്ള സൗകര്യം ദുരുപയോഗപ്പെടുത്തിയാണ് കഞ്ചാവും മറ്റും ജയിലിനുള്ളിലേക്ക് എറിഞ്ഞു കൊടുക്കുന്നത്.

തൃശൂർ വിയ്യൂർ ജില്ലാ ജയിലിന്റെ മതിൽക്കെട്ടിനു മുകളിലൂടെ കഞ്ചാവ് ഉൾപ്പെടെയുള്ളവ പുറത്തു നിന്ന് എറിഞ്ഞു കൊടുക്കുന്ന സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.

ആഴ്ചയിൽ കുറഞ്ഞത് 2 തവണയെങ്കിലും കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വിയ്യൂർ ജില്ലാ ജയിൽ വളപ്പിലേക്ക് പുറത്തുനിന്ന് എറിഞ്ഞു കൊടുക്കുന്നതായി കണ്ടെത്തി. കഞ്ചാവ് പൊതികളും കണ്ടെത്തി.

റോഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന ജയിലുകളിലാണ് പുറത്തുനിന്ന് ലഹരി വസ്തുക്കൾ സ്ഥിരമായി എറിഞ്ഞു കൊടുക്കുന്നത് എന്നും ജയിൽ വകുപ്പ് കണ്ടെത്തി. റോഡിൽ നിന്ന് 50 മീറ്റർ അകലെ മാത്രമാണ് വിയ്യൂർ ജയിൽ സ്ഥിതി ചെയ്യുന്നത്.

ജയിൽ അന്തേവാസികളുടെ ക്ഷേമം ലക്ഷ്യമിട്ട് നടത്തുന്ന കൂടിക്കാഴ്ച ദുരുപയോഗം ചെയ്യുന്നതും ലഹരി വസ്തുക്കൾ എറിഞ്ഞു കൊടുക്കാൻ പദ്ധതി തയാറാക്കുന്നതിനു പിന്നിൽ മുൻ തടവുകാരാണ് എന്നും ചൂണ്ടിക്കാട്ടി  വിയ്യൂർ ജില്ലാ ജയിൽ സൂപ്രണ്ട്, ഡിഐജിക്കു റിപ്പോർട്ട് നൽകിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe