കോഴിക്കോട്: പോക്സോ കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്നയാളുടെ വീട്ടിൽനിന്ന് മാനിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകൾ പിടികൂടി. മൂടാടി ഹിൽബസാർ സ്വദേശി ശിവപുരി പി.ടി. ശ്രീധന മഹേഷ് വാടകക്ക് താമസിക്കുന്ന ചെറുകുളം കോട്ടുപാടം റോഡിൽ ഉണിമുക്ക് ഭാഗത്തെ വീട്ടിൽനിന്നാണ് മലാനിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകൾ വനംവകുപ്പ് അധികൃതർ പിടികൂടിയത്.
കോഴിക്കോട് ഫ്ലയിങ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാട്ടുപോത്തിന്റെ കൊമ്പുകളും മലാനിന്റെ കൊമ്പും പവിഴപ്പുറ്റും നാടൻതോക്കിന്റെ ഭാഗങ്ങളും കോഴിക്കോട് ഫോറസ്റ്റ് വിജിലൻസ് വിഭാഗം പിടികൂടിയത്. 1972ലെ വന്യജീവി സംരക്ഷണനിയമ പ്രകാരം വന്യജീവികളുടെ ശരീരഭാഗങ്ങൾ കൈവശംവെക്കുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്. കേസ് തുടരന്വേഷണത്തിനായി താമരശ്ശേരി റേഞ്ച് ഓഫിസിന് കൈമാറി.
കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി. ഭാസ്കരൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എ. എബിൻ, ബീറ്റ് ഫോറസ്റ്റ് ഒഫിസർമാരായ എ. ആസിഫ്, സി. മുഹമ്മദ് അസ്ലം, കെ.വി. ശ്രീനാഥ്, ടി.കെ. ജിജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.