ജയിലറെ മർദ്ദിച്ച കേസ്: ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്തു

news image
Sep 13, 2023, 12:03 pm GMT+0000 payyolionline.in

കണ്ണൂർ: വിയ്യൂർ ജയിലിൽ ജയിലറെ മർദ്ദിച്ച കേസിൽ ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്തു. മുഴക്കുന്ന് പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആകാശിന്റെ കുട്ടിയുടെ പേരിടൽ ചടങ്ങിനിടെയാണ് കസ്റ്റഡിയിൽ എടുത്തത്. വിയ്യൂർ ജയിലിൽ ജയിലറെ മർദിച്ച കേസിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. ഒരാഴ്ച മുൻപാണ് ആദ്യ കാപ്പ കാലാവധി കഴിഞ്ഞ് ആകാശ് നാട്ടിലെത്തിയത്.

ജയിലിൽ ഫോൺ ഉപയോഗിച്ചെന്ന സംശയത്തെത്തുടർന്ന് ചോദ്യം ചെയ്യാൻ വിളിച്ച ജയിലറെയാണ് ആകാശ് തില്ലങ്കേരി മർദ്ദിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ചായിരുന്നു സംഭവം. അസി. ജയിലർ രാഹുലിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് രാഹുൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൂടാതെ ആകാശ് തില്ലങ്കരിക്കെതിരെ വിയ്യൂർ പൊലീസിൽ പരാതി നൽകിയിരുന്നു. മൊഴി രേഖപെടുത്തി കേസെടുക്കുമെന്ന് വിയ്യൂർ പൊലീസ് അറിയിച്ചു. കാപ്പ തടവുകാരനായി ജയിലിൽ കഴിയുന്ന സമയത്താണ് ജയിലറെ ആക്രമിച്ചത്.

സെല്ലിന് മുന്നില്‍ അകത്തെ ദൃശ്യങ്ങള്‍ കാണാന്‍ കഴിയാത്ത വിധം ആകാശ് തുണിവച്ച് മറച്ചിരുന്നത് ചോദ്യം ചെയ്തതും ഫോൺ ഉപയോഗിക്കുന്നുവെന്ന സംശയം പ്രകടിപ്പിച്ചതിലുമുണ്ടായ വിരോധമാണ് ജയില്‍ ഓഫീസ് മുറിയില്‍ സൂപ്രണ്ടിനെ ആക്രമിക്കുന്നതിലേക്ക് നയിച്ചത്. ആകാശിന്റെ സെല്ലിൽ പരിശോധനയ്ക്കെത്തിയ ജയിൽ ഉദ്യോഗസ്ഥനായ രാഹുൽ മുറിയുടെ ഒരു ഭാഗം തുണി വച്ച് മറച്ചു കെട്ടിയത് ചോദ്യം ചെയ്തു.

ഫോൺ ഉപയോഗിക്കുന്നുവെന്ന സംശയവും പ്രകടിപ്പിച്ചു. പിന്നാലെ തില്ലങ്കേരി ജയിലർക്ക് മുന്നിൽ പരാതിയുമായെത്തി. ഈ സമയം രാഹുലും അവിടേക്ക് വന്നു. ഈ സമയം ആകാശ് തില്ലങ്കേരി രാഹുലിന്റെ ചെവിയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. ജയിൽ ഉദ്യോഗസ്ഥരുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ആകാശ് തില്ലങ്കേരിക്കെതിരെ വിയ്യൂർ പൊലീസ് കേസെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe