ന്യൂഡൽഹി: ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പുഫലം നാളെ പുറത്തു വരും. രാവിലെ എട്ടുമുതൽ വോട്ടെണ്ണൽ ആരംഭിക്കും. ഹരിയാനയിൽ കോൺഗ്രസ് വൻ വിജയം നേടുമെന്നും ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് – കോൺഗ്രസ് സഖ്യം ഏറ്റവും വലിയ കക്ഷിയായിഅധികാരത്തിൽ വരുമെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരുന്നു.
എക്‌സിറ്റ് പോൾ ശരിയായാൽ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം നേടാൻ കഴിയാത്തതിനു ശേഷം ബിജെപി നേരിടുന്ന വലിയ തിരിച്ചടിയാകും ഇത്. ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിലേക്ക് ശനിയാഴ്‌ച വോട്ടെടുപ്പ് നടന്നു. 1031 സ്ഥാനാർത്ഥികളാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇതിൽ 101 പേർ സ്ത്രീകളായിരുന്നു. 65.65 ശതമാനമായിരുന്നു പോളിംഗ്.
കനത്ത സുരക്ഷയിൽ മൂന്നു ഘട്ടമായാണ് ജമ്മുകശ്‌മീരിൽ തെരഞ്ഞെടുപ്പ് നടന്നത്. പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. ആദ്യഘട്ട വോട്ടെടുപ്പില്‍ 61.13 ശതമാനവും രണ്ടാം ഘട്ടത്തില്‍ 56.31 ശതമാനവും മൂന്നാം ഘട്ടത്തിൽ 65.48 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്. സെപ്‌തംബർ 18, സെപ്‌തംബർ 25, ഒക്ടോബർ 1 തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്.