ജമ്മു-കശ്മീർ തെരഞ്ഞെടുപ്പ്: രാഹുൽ ഗാന്ധി ഇന്ന് രണ്ട് പ്രചാരണ റാലികളിൽ പ​ങ്കെടുക്കും

news image
Sep 4, 2024, 6:05 am GMT+0000 payyolionline.in

ജമ്മു: സെപ്റ്റംബർ 18ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജമ്മു-കശ്മീരിൽ മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽഗാന്ധി ബുധനാഴ്ച രണ്ടു പ്രചാരണ റാലികളിൽ പ​ങ്കെടുക്കും.

ബുധനാഴ്ച രാവിലെ 10 മണിക്ക് രാഹുൽ ഗാന്ധിയുടെ പ്രത്യേക വിമാനം ജമ്മു വിമാനത്താവളത്തിൽ ഇറങ്ങുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ശേഷം രാഹുൽ ഗാന്ധി ഹെലികോപ്ടറിൽ റംബാൻ ജില്ലയിലെ സംഗൽദാനിൽ 11 മണിയോടെ കോൺഗ്രസ് സ്ഥാനാർത്ഥി വികാർ റസൂൽ വാനിയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും.

പാർട്ടി ജനറൽ സെക്രട്ടറി ഭരത്‌സിങ് സോളങ്കി, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കർറ എന്നിവർ രാഹുലിനൊപ്പം പങ്കെടുക്കും. ഉച്ചയ്ക്ക് 12.30ന് കോൺഗ്രസ് സ്ഥാനാർത്ഥിയായ ഗാമിറിന് വേണ്ടി ദൂരു നിയമസഭാ മണ്ഡലത്തിൽ റാലിയെ രാഹുൽ അഭിസംബോധന ചെയ്യും.

ജമ്മു-കശ്മീരിൽ ആകെ 90 നിയമസഭാ സീറ്റുകളാണ് ഉള്ളത്. വരും ദിവസങ്ങളിൽ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവരും പാർട്ടി സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തും. മുൻ ജമ്മു-കശ്മീർ കോൺഗ്രസ് പ്രസിഡന്റുമാരായ വികാർ റസൂൽ വാനി, ഗാമിർ, പീർസാദ സയീദ് എന്നിവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. കോൺഗ്രസും നാഷനൽ കോൺഫറൻസും ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുക. നാഷനൽ കോൺഫറൻസ് 52 സീറ്റുകളിലും കോൺഗ്രസ് 31 സീറ്റുകളിലും മത്സരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe