ജമ്മു കശ്മീരിലെ ഭീകരാക്രമണം; വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി, രജൗരിയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

news image
Dec 22, 2023, 4:19 am GMT+0000 payyolionline.in

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. ഇന്ന് രാവിലെ ചികിത്സയിലുണ്ടായിരുന്ന രണ്ടു സൈനികര്‍ കൂടി വീരമൃത്യു വരിച്ചു.ഇന്നലെ സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. മൂന്നുപേരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരില്‍ രണ്ടുപേരാണ് ഇന്ന് രാവിലെ വീരമൃത്യു വരിച്ചത്. അതേസമയം, രജൗരിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകരർക്കായി വ്യാപക തെരച്ചിലാണ് സൈന്യം നടത്തുന്നത്. സംഭവത്തെതുടര്‍ന്ന് മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കി. അതിര്‍ത്തികളില്‍ ഉള്‍പ്പെടെ വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താൻ സൈന്യം തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മേഖലയിലേക്ക് കൂടുതല്‍ സൈനികർ എത്തിയിട്ടുണ്ട്.

ഭീകരർക്കായി തെരച്ചിൽ നടത്തുന്ന മേഖലയിലേക്ക് പോവുകയായിരുന്ന സൈനിക സംഘത്തിന് നേരെയാണ് ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ രജൗരി – പൂഞ്ച് ജില്ലകളുടെ അതിർത്തിമേഖലയിലുൾപ്പെട്ട ദേര കി ​ഗലിയിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനങ്ങൾക്ക് നേരെ വനമേഖലയിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തത്. സൈനികർ സഞ്ചരിച്ച ജിപ്സിയും മിനിട്രക്കുമാണ് ആക്രമിക്കപ്പെട്ടത്.

ബഫിലിയാസിലെ 48 രാഷ്ട്രീയ റൈഫിൾസിന്‍റെ ആസ്ഥാനത്തുനിന്നും ദേരകി​ഗലിയിൽ ജമ്മുകശ്മീർ പൊലീസും സൈന്യവും ചേർന്ന് നടത്തുന്ന ഭീകരർക്കായുള്ള തെരച്ചിലിൽ പങ്കുചേരാൻ പോവുകയായിരുന്നു സൈനിക സംഘം. സൈന്യം ഉടൻ തിരിച്ചടിച്ചു. ഏറ്റുമുട്ടലിൽ ഒരു ഭീകരന് ​ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe