വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങിയാൽ വെടിവെച്ചുകൊല്ലും; തീരുമാനമെടുത്ത് ചക്കിട്ടപ്പാറ പഞ്ചായത്ത്

news image
Mar 5, 2025, 9:26 am GMT+0000 payyolionline.in

കോഴിക്കോട്: ജനവാസമേഖലയില്‍ ഇറങ്ങുന്ന എല്ലാ വന്യമൃഗങ്ങളേയും വെടിവെച്ചുകൊല്ലാന്‍ തീരുമാനമെടുത്ത് കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്. ജനങ്ങളുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഇത്തരം ഒരു തീരുമാനമെന്നും നിയമവിരുദ്ധമാണെങ്കിലും എല്ലാ പാര്‍ട്ടികളും ഐകകണ്ഠ്യേന എടുത്ത തീരുമാനമാണെന്നും ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ പറഞ്ഞു. പഞ്ചായത്തിന്റെ ഈ തീരുമാനം അറിയിച്ചുകൊണ്ട് ഒരു വീഡിയോ അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.

ഭൂവിസ്തൃതിയില്‍ കേരളത്തില്‍ മൂന്നാമത്തെ പഞ്ചായത്താണ് ചക്കിട്ടപ്പാറ. 145.45 ചതുരശ്ര കിമീ ആണ് ചുറ്റളവ്. പഞ്ചായത്തിന്റെ ഭൂവിസ്തൃതിയില്‍ 60 ശതമാനവും വനഭൂമിയാണ്. 10 വാര്‍ഡുകള്‍ വനഭൂമിയാല്‍ ചുറ്റപ്പെട്ടതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ പഞ്ചായത്തിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നമാണ് വന്യജീവി ആക്രമണം. കൃഷിക്കാര്‍ക്ക് ഉപജീവനം നടത്താനാവുന്നില്ല. മലയോര മേഖലയിലെ കര്‍ഷകര്‍ അസംതൃപ്തരാണ്. ജനങ്ങള്‍ സ്‌ഫോടനാത്മകമായ മാനസികാവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. സുനില്‍ പറയുന്നു.

ഈ സാഹചര്യത്തിലാണ് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ജനവാസമേഖലയില്‍ ഇറങ്ങുന്ന എല്ലാ വന്യ ജീവികളേയും വെടിവെച്ച് കൊല്ലാന്‍ നിര്‍ദേശം നല്‍കിയതെന്ന് പ്രസിഡന്റ് പറഞ്ഞു. അതൊരു വൈകാരിക തീരുമാനമല്ലെന്നും ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാതെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന ഒരു പ്രത്യേക സാഹചര്യത്തിലാണ് എല്ലാ പാര്‍ട്ടികളും യോജിച്ചുകൊണ്ട് ഈ തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തീരുമാനത്തില്‍ നിയമവിരുദ്ധത ഉണ്ടെങ്കിലും ജനങ്ങളുടെ താത്പര്യം ഉയര്‍ത്തിപിടിച്ചുകൊണ്ടുള്ള തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe