അഴിയൂർ: വർഷങ്ങൾ നീണ്ടുനിന്ന ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാത (Underpass) അനുവദിച്ചു. അടിപ്പാതയുടെ അഭാവം മൂലം കുഞ്ഞിപ്പള്ളി ടൗൺ രണ്ടായി മുറിഞ്ഞുപോകുമെന്നും, ഇത് പ്രദേശവാസികളെയും കച്ചവടക്കാരെയും സാരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ശക്തമായ പ്രതിഷേധങ്ങൾ നടന്നു വരികയായിരുന്നു.
വിവിധ സർക്കാർ ഓഫീസുകൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലേക്ക് പോകുന്ന രോഗികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്ക് അടിപ്പാത അത്യന്താപേക്ഷിതമാണെന്ന ആവശ്യമുയർത്തി ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചത്. വിഷയത്തിൽ ഷാഫി പറമ്പിൽ എം.പി., കെ.കെ. രമ എം.എൽ.എ. തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ശക്തമായി ഇടപെടുകയും കേന്ദ്ര ഉപരിതല മന്ത്രി നിധിൻ ഗഡ് ഗിരിയെ അടക്കം ഈ വിഷയവുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് ദേശീയപാത അതോറിറ്റിയിലെ ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സാധ്യത പഠനം നടത്തിയ ശേഷമാണ് ഇപ്പോൾ അടിപ്പാതയ്ക്ക് അനുമതി നൽകിയിരിക്കുന്നത്. അടിപ്പാതയുടെ നിർമ്മാണ ജോലികൾ ഉടൻ ആരംഭിക്കുമെന്ന് കെ.കെ. രമ എം.എ.ൽ.എ. അറിയിച്ചു.
അടിപ്പാത യാഥാർത്ഥ്യമാക്കാൻ മുൻകൈ എടുത്ത ഷാഫി പറമ്പിൽ എം.പി., കെ.കെ. രമ എം.എൽ.എ. എന്നിവർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ജനകീയ മുന്നണി അഴിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുഞ്ഞിപ്പള്ളി ടൗണിൽ ആഹ്ലാദപ്രകടനവും ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് യു.എ. റഹീം അധ്യക്ഷത വഹിച്ച യോഗത്തിൽ വി.പി. പ്രകാശൻ, പി. ബാബുരാജ്, പ്രദീപ് ചോമ്പാല, കെ.പി. രവീന്ദ്രൻ, സി. സുഗതൻ, കെ.കെ. ഷെറിൻ കുമാർ, കെ.പി. വിജയൻ, ഷാജിത്ത് കൊട്ടാരത്തിൽ, ജബ്ബാർ അഴിയൂർ, കെ.കെ. രാജൻ തുടങ്ങിയ പ്രമുഖ നേതാക്കൾ സംസാരിച്ചു.
