ജഡ്ജിമാർക്ക് കോവിഡ്; അതീഖ് വധത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന ഹരജി 28ലേക്ക് മാറ്റി

news image
Apr 24, 2023, 11:31 am GMT+0000 payyolionline.in

 

ന്യൂഡൽഹി: അഞ്ച് ജഡ്ജിമാർക്ക് കോവിഡ് 19 ബാധിച്ചതിനാൽ, മുൻ എം.പി അതീഖ് അഹ്മദിന്റെ കൊലപാതകത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി അടക്കം നിരവധി കേസുകൾ പുനഃക്രമീകരിക്കുന്നതായി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. അതീഖ് കേസ് ഏപ്രിൽ 28-ലേക്ക് മാറ്റി. അതീഖും സഹോദരൻ അഷ്‌റഫും പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെക്കുറിച്ചും 2017 മുതൽ ഉത്തർ പ്രദേശിൽ നടന്ന 183 ഏറ്റുമുട്ടലുകളെ കുറിച്ചും അന്വേഷിക്കാൻ മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു സ്വതന്ത്ര വിദഗ്ധ സമിതി രൂപീകരിക്കണമെന്നാണ് ഹരജിക്കാരന്‍റെ ആവശ്യം.

 

കഴിഞ്ഞ ആഴ്ചയാണ് അതീഖ് അഹ്മദും സഹോദരൻ അഷ്റഫും കൊല്ലപ്പെട്ടത്. പൊലീസ് സുരക്ഷയിൽ വൈദ്യ പരിശോധനക്കായി കൊണ്ടുപോകവെയാണ് കൊലപാതകം നടന്നത്. മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ മൂന്നുപേർ പോയ്ന്റ് ബ്ലാങ്കിൽ വെടിവെക്കുകയായിരുന്നു.

പ്രയാഗ് രാജിലെ ആശുപത്രിക്ക് മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കൊലപാതകം നടന്നത്. അക്രമികളെ പൊലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. ലൗലേഷ് തിവാരി, സണ്ണി സിങ്, അരുൺ മൗര്യ എന്നിവരാണ് പിടിയിലായത്. പൊലീസ് വലയത്തിൽ അതീഖും സഹോദരനും കൊല്ലപ്പെട്ടത് ഏറെ വിമർശനത്തിനിടയാക്കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe