ദില്ലി: ഛത്തീസ്ഗഡിൽ ആദ്യഘട്ട പോളിംഗ് പൂർത്തിയായതോടെ കണക്കുകൂട്ടലുകളുമായി രാഷ്ട്രീയ പാർട്ടികൾ. 70.78 ശതമാനം നിലവിലെ പോളിംഗ് നില. കനത്ത സുരക്ഷയിൽ നടന്ന വോട്ടിംഗിൽ മൂന്നിടങ്ങളിൽ ആക്രമണമുണ്ടായി. നാളെയോടെയായിരിക്കും പോളിംഗ് നില സംബന്ധിച്ച പൂര്‍ണ്ണമായ കണക്ക് പുറത്തുവരുകയുള്ളു. കഴിഞ്ഞ തവണ അവസാന കണക്ക് പ്രകാരം 76.78 ശതമാനമായിരുന്നു പോളിംഗ്. ഛത്തീസ്ഗഡിൽ ആദ്യഘട്ട പോളിംഗിനിടെ മൂന്നിടങ്ങളിൽ ആക്രമണം ഉണ്ടായി. വോട്ടെടുപ്പ് തടയാൻ ശ്രമിച്ച മാവോയിസ്റ്റുകളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടി. ഭേദപ്പെട്ട പോളിംഗാണ് ഇരുപത് മണ്ഡലങ്ങളിലും രേഖപ്പെടുത്തിയത്.
കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നതെങ്കിലും മാവോയിസ്റ്റ് സ്വാധീന മേഖലയായ സുഖ്മയിൽ ബൂത്തിന് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന് പരിക്കേറ്റു. ഐഇഡി പൊട്ടിത്തെറിച്ചാണ് ജവാന് പരിക്കേറ്റത്. ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നൂറിലധികം രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷ കൂട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രണ്ടാം ഘട്ട പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.
വാശിയേറിയ പ്രചാരണത്തിന് പിന്നാലെയാണ് ഛത്തീസ്ഗഢിലെ ഇരുപത് മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നത്. മാവോയിസ്റ്റ് സ്വാധീന മേഖലകളായ ബസ്തര്‍, ദന്തേവാഡ, സുക്മ, ബീജാപൂര്‍, കാങ്കീർ, രാജ്നന്ദഗാവ് നാരായണ്‍പൂര്‍ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. പ്രശ്നബാധിതമായ അറുനൂറ് പോളിംഗ് ബൂത്തുകളിൽ ത്രിതല സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഡ്രോൺ സുരക്ഷ അടക്കം സുരക്ഷക്ക് ഉപയോഗിച്ചിരുന്നു