ചോദ്യപേപ്പർ ചോർച്ച; എം.എസ് സൊല്യൂഷൻസ് അധ്യാപകർ ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ല

news image
Dec 30, 2024, 12:06 pm GMT+0000 payyolionline.in

കോഴിക്കോട്: ക്രിസ്‍മസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ എം.എസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിലെ അധ്യാപകർ ഇന്നും ചോദ്യം ചെയ്യലിനു ഹാജരായില്ല. രാവിലെ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്താനായിരുന്നു അന്വേഷണ സംഘം അധ്യാപകരോട് ആവശ്യപ്പെട്ടിരുന്നത്. നാളെ ചോദ്യം ചെയ്യലിന് എത്താൻ മറ്റ് ചില അധ്യാപകരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരും ക്രൈം ബ്രാഞ്ചിനു മുന്നിൽ ഹാജരായേക്കില്ലെന്നാണ് സൂചന.

അതേസമയം എം.എസ് സൊല്യൂഷൻസ് സി.ഇ.ഒ എം ഷുഹൈബിന്റെ മുൻ‌കൂർ ജാമ്യപേക്ഷ കോടതി നാളെ പരിഗണിക്കാനിരിക്കുകയാണ്. കോടതി യുടെ തീരുമാനം അറിഞ്ഞ ശേഷമാകും അധ്യാപകരുടെ തുടർ നീക്കമെന്നാണ് അറിയുന്നത്. നേരത്തെ രണ്ടു തവണ ആവശ്യപ്പെട്ടിട്ടും അധ്യാപകർ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നില്ല. ഇത്തവണ കൂടി ഹാജരായില്ലെങ്കിൽ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. എംഎസ് സൊല്യൂഷന്‍സ് അപ്‍ലോഡ് ചെയ്ത ചോദ്യപേപ്പര്‍ പ്രവചന വീഡിയോകളുടെ വിശദാംശം തേടി അന്വേഷണ സംഘം യൂട്യൂബിന് മെയിൽ അയച്ചു. എസ്എസ്എൽസി ഇംഗ്ലീഷ്, പ്ലസ് വണ്‍ കണക്ക് പരീക്ഷകളുടെ പ്രവചന വീഡിയോകളുടെ വിശദാംശമാണ് തേടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe