കണ്ണൂർ: മുൻകൂർ ജാമ്യ ഹർജി തള്ളിയതിനു പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത പി.പി.ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു ദിവ്യയുടെ ദിവ്യയുടെ വൈദ്യപരിശോധനയും നടത്തി. കനത്ത പൊലീസ് വലയത്തിലാണ് ദിവ്യയെ ആശുപത്രിയിലെത്തിച്ചത്.
പ്രധാന വഴികൾ ഒഴിവാക്കിയായിരുന്നു ആശുപത്രിയിലേക്ക് ദിവ്യയുമായി പൊലീസിന്റെ യാത്ര. ക്രൈംബ്രാഞ്ച് ഓഫിസിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷമാണു വൈദ്യപരിശോധനയ്ക്കായി ദിവ്യയെ ആശുപത്രിയിൽ എത്തിച്ചത്. ദിവ്യയുമായി എത്തിയ പൊലീസ് വാഹനം ചെറുക്കാൻ യൂത്ത് കോൺഗ്രസും ബിജെപിയും നടത്തിയ ശ്രമം പൊലീസ് തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
അതേസമയം, പൊലീസിനും ദിവ്യയ്ക്കും അനുയോജ്യമായ സ്ഥലത്ത് വച്ച് ദിവ്യ കീഴടങ്ങിയെന്നാണു വിവരം. രണ്ട് പാർട്ടി പ്രവർത്തകരും ദിവ്യയ്‌ക്കൊപ്പമുണ്ടായിരുന്നു. ദിവ്യയെ കസ്റ്റഡിയിലെടുത്തതാണെന്ന് കമ്മിഷണർ അജിത് കുമാർ സ്ഥിരീകരിച്ചു. ചോദ്യം ചെയ്ത ശേഷം ബാക്കി കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദിവ്യയെ നിരന്തരമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. എളുപ്പത്തിൽ കസ്റ്റഡിയിലെടുത്തത് ഇത് കാരണമാണ്. ഓപ്പറേഷൻ മുഴുവൻ പൂർത്തിയായ ശേഷം വിശദമായി സംസാരിക്കാമെന്നും കമ്മിഷണർ പറഞ്ഞു.